നസീമയ്ക്കും രണ്ട് കുട്ടികൾക്കും മോഹൻലാൽ ഫാൻസ് അസോസിയേഷൻ പാപ്പിനിശ്ശേരി നിര്‍മ്മിച്ചു നൽകിയ ‘സ്നേഹവീട്ടില്‍’ ഇനി കിടന്നുറങ്ങാം. താരത്തിൻരെ പിറന്നാൾ ദിനത്തിലാണ് വേളാപുരത്തിന് സമീപം പി.വി.നസീമയ്ക്കും 2 കുട്ടികൾക്കുമാണു ഓൾ കേരള മോഹൻലാൽ ഫാൻസ് കൾചറൽ വെൽഫെയർ അസോസിയേഷൻ ചിറക്കൽ യൂണിറ്റിലെ അംഗങ്ങൾ വീട് കൈമാറിയത്.
കഴിഞ്ഞ ദിവസം എറണാകുളത്ത് വച്ച് മോഹൻലാൽ വീടിന്റെ താക്കോൽ നസീമയ്ക്ക് കൈമാറി. യുവാക്കളുടെ കൂട്ടായ്മയിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാവിലെ വീടിന്റെ ഗൃഹപ്രവേശം നടന്നു. കെ.വി.സുമേഷ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുശീല, യൂണിറ്റ് പ്രസിഡന്റ് പി.അദ്വൈത്, സെക്രട്ടറി എം.സി.വിഷ്ണു, ജില്ലാ സെക്രട്ടറി ആരിഫ് മുഹമ്മദ്, ട്രഷറർ വിജേഷ്, രഗിലേഷ് തുടങ്ങിയവർ പങ്കെടുത്തു. മോഹൻലാലിന്റെ കഴിഞ്ഞ പിറന്നാൾ ദിനത്തിലാണ് വീട് നിർമാണം തുടങ്ങിയത്. 11 ലക്ഷം രൂപ ചെലവഴിച്ചാണ് 2 കിടപ്പുമുറിയോട് കൂടിയ വീട് നിർമിച്ചത്.
പ്രളയത്തിൽ ജീവൻ നഷ്‌ടമായ ലിനുവിന്റെ കുടുംബത്തിന് സമ്മാനമായി വീട് നിർമ്മിച്ചു നൽകിയതും അതിന്റെ താക്കോൽ മോഹൻലാലും ഭാര്യയും കൈമാറിയതും വാർത്തയായിരുന്നു. മോഹൻലാലിന്റെ സംഘടനയായ വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ലിനുവിന്റെ കുടുംബത്തിന് തണൽ ഒരുങ്ങിയത്.