ബെംഗളൂരു: ഐപിഎല്‍ പതിനാറാം സീസണിലെ അവസാന ലീഗ് മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഗുജറാത്ത് ടൈറ്റന്‍സ് തോല്‍പ്പിച്ചു.
ഇതോടെ ബാംഗ്ലൂരിന്റെ പ്ലേ ഓഫ് മോഹങ്ങളും തകര്‍ന്നു. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തി. ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളാണ് പ്ലേ ഓഫില്‍ മാറ്റുരയ്ക്കുക.
ഗുജറാത്ത് ടൈറ്റന്‍സിനോട് ആറ് വിക്കറ്റിനാണ് ആര്‍സിബി തോറ്റത്. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി നേടിയ 197 റണ്‍സ് 19.1 ഓവറില്‍ നാല് വിക്കറ്റുകളുടെ നഷ്ടത്തില്‍ ടൈറ്റന്‍സ് മറികടന്നു. ടൈറ്റന്‍സിനായി ശുഭ്മാന്‍ ഗില്‍ 52 പന്തില്‍ 104* നേടി. 52 പന്തില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി കുറിച്ച ഗില്‍ സിക്സര്‍ പറത്തിയാണ് ടൈറ്റന്‍സിന് ജയമുറപ്പിച്ചത്. വൃദ്ധിമാന്‍ സാഹ 12 റണ്‍സ്, വിജയ് ശങ്കര്‍ (35 പന്തില്‍ 53), ദാസുന്‍ ശനക (3 പന്തില്‍ 0), ഡേവിഡ് മില്ലര്‍(7 പന്തില്‍ 6) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രകടനം.
ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കോഹ്‍ലി സെഞ്ചുറി കുറിച്ചെങ്കിലും ഫലമുണ്ടായില്ല. ഏഴാം സെഞ്ചുറിയോടെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ശതകങ്ങളുള്ള താരമെന്ന പദവി കോഹ്‍ലി സ്വന്തമാക്കി.
പ്ലേ ഓഫ് ഘട്ടത്തില്‍ നാളെ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടുമ്ബോള്‍ ബുധനാഴ്ച്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് മുംബൈ ഇന്ത്യന്‍സിനെതിരെ ഇറങ്ങും. വെള്ളിയാഴ്ച്ചയാണ് മൂന്നാം പ്ലേ ഓഫ്. ഞായറാഴ്ച്ച ഐപിഎല്‍ ചാമ്ബ്യന്മാരെ അറിയാം.