കർണാടകയിൽ ഈ മാസം ആദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ 135 സീറ്റുകളിൽ സംതൃപ്തനല്ലെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ. ബംഗളൂരുവിൽ പാർട്ടി പ്രവർത്തകരുമായി നടത്തിയ യോഗത്തിലാണ് അദ്ദേഹം തന്റെ അതൃപ്തി പരസ്യമാക്കിയത്.
“ഇനിയുള്ളഎല്ലാ വോട്ടെടുപ്പിലും കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവയ്ക്കണം. അടുത്ത വർഷത്തെ പൊതുതെരഞ്ഞെടുപ്പിൽ ഇതിനേക്കാൾ മികച്ച തിരഞ്ഞെടുപ്പ് ഫലമാണ് ലക്ഷ്യമിടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ നമ്മൾ നേടിയ 135 സീറ്റുകളിൽ ഞാൻ സന്തുഷ്ടനല്ല,” ശിവകുമാർ പാർട്ടി പ്രവർത്തകരോടായി പറഞ്ഞു.
“നമ്മുടെ ശ്രദ്ധ ശരിയായ ലക്ഷ്യത്തിലായിരിക്കണം, അതാണ് വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ്. ഇനി മുതൽ എല്ലാ വോട്ടെടുപ്പിലും കോൺഗ്രസ് മികച്ച പ്രകടനം നടത്തണം, നമ്മളെല്ലാവരും കഠിനാധ്വാനം ചെയ്യണം. ഇത് ഒരു തുടക്കം മാത്രമാണ്, അലസത കാണിക്കരുത്. ” മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കൊപ്പം കർണാടക ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഡി.കെ ശിവകുമാർ കൂട്ടിച്ചേർത്തു.
കർണാടകയിൽ 28 ലോക്‌സഭാ സീറ്റുകളാണ് ഉള്ളത്. ഏറ്റവും കൂടുതൽ ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനങ്ങളിൽ ഏഴാം സ്ഥാനത്താണ് കർണാടക. അതുകൊണ്ട് തന്നെ കർണ്ണാടക പ്രധാന യുദ്ധഭൂമികളിലൊന്നായി മാറും. 2019ലെ തിരഞ്ഞെടുപ്പിൽ ബിജെപി 25 സീറ്റുകളും കോൺഗ്രസും എച്ച്‌ഡി കുമാരസ്വാമിയുടെ ജനതാദൾ സെക്യുലറും ഓരോ സീറ്റും നേടിയിരുന്നു. കോൺഗ്രസ് വിജയിച്ച ഏക സീറ്റ് ബാംഗ്ലൂർ റൂറൽ ആയിരുന്നു. ഹസനിലാണ് ജെഡിഎസ് വിജയിച്ചത്.
ഇക്കുറി ലിംഗായത്തും അഹിന്ദ വോട്ടുകളും ഒപ്പമുള്ളതിനാൽ മികച്ച ഫലമാണ് കോൺഗ്രസിന് ലഭിച്ചത്.ബിജെപിയുടെ പരമ്പരാഗത അനുഭാവികളായ ലിംഗായത്തുകൾ തങ്ങളുടെ നേതാവായ ബി.എസ്. യെദിയൂരപ്പയെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സിന് അനുകൂലമായി വോട്ട് ചെയ്തു. ബിജെപിക്ക് 65 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ, എന്നാൽ ബിജെപിയുടെ വോട്ടിംഗ് ശതമാനം 36% ആയി തന്നെ നിലനിർത്താൻ ബിജെപിയ്ക്ക് കഴിഞ്ഞു. ബിജെപിയുടെ മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പാർട്ടിയുടെ തോൽവിയുടെ കാരണങ്ങളെക്കുറിച്ച് പരിശോധിക്കുമെന്നും അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി ശക്തമായ തിരിച്ച് വരവ് നടത്തുമെന്നും സൂചിപ്പിച്ചിട്ടുണ്ട്.