പാലക്കുഴി. പാലക്കാട് വീട്ടിനുള്ളില്‍ നിന്ന് പിടികൂടിയത് വമ്പന്‍ രാജവെമ്പാലയെ. കിഴക്കഞ്ചേരി പാലക്കുഴി പി സി ടി യിൽ തെരേസാ മൊക്കിന് സമീപത്ത് മലയം പറമ്പിൽ ഏലിക്കുട്ടിയുടെ വീട്ടിലാണ് വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ കൂടി രാജവെമ്പാലയെ കണ്ടത്. വീടിന്റെ അടുക്കള ഭാഗത്താണ് ആദ്യം പാമ്പിനെ കണ്ടത്. വീട്ടുകാര്‍ ബഹളം വച്ചതോടെ രാജവെമ്പാല പിന്നീട് സമീപത്തെ ബാത്റൂമിൽ കയറുകയായിരുന്നു.
സമീപവാസികൾ ചേര്‍ന്ന് പാമ്പിനെ പുറത്ത് കടക്കാന്‍ സാധിക്കാത്ത വിധത്തിൽ വാതിൽ അടച്ചതിന് ശേഷം വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ പാമ്പ് പിടുത്തത്തിൽ വിദഗ്ധനായ കാരയങ്കാട് മുഹമ്മദലി ഉൾപ്പെടെ എത്തി പാമ്പിനെ പിടിച്ച് വനം വകുപ്പിന് കൈമാറി. ആറ് വയസ്സ് പ്രായമുള്ള പെൺ രാജവെമ്പാലയാണ് പിടി കൂടിയതെന്ന് വനം വകുപ്പ് അധികൃതർ വിശദമാക്കുന്നത്. ഇതിന് മുമ്പും നിരവധി തവണ പാലക്കുഴി ഭാഗത്ത് നിന്നും രാജവെമ്പാലയെ പിടികൂടിയിട്ടുണ്ട്.