ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ (DPS) ബോംബ് ഭീഷണി. നേരത്തെ ഇ-മെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ച് ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷമാണ് മഥുര റോഡിലുളള സ്‌കൂളിന് വീണ്ടും ഭീഷണി ലഭിച്ചത്. സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിസരത്ത് ബോംബ് സ്ഥാപിച്ചെന്ന വിവരം വ്യാജമാണെന്ന് തെളിഞ്ഞതായി പോലീസ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. എന്നാല്‍ ഇ-മെയില്‍ അയച്ചത് ഒരു വിദ്യാര്‍ത്ഥിയാണെന്നും കുട്ടി ഇത് നിഷേധിച്ചെന്നും അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് പറയുന്നു.
‘മെയ് 12 ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ തകര്‍ക്കാന്‍ പോകുകയാണ്’ എന്നാണ് ഇമെയിലില്‍ പറഞ്ഞിരുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പോലീസ്, ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡ്, സൈബര്‍ സെക്യൂരിറ്റി ടീം എന്നിവര്‍ സ്‌കൂളിലെത്തി കമ്പ്യൂട്ടര്‍ സംവിധാനവും മെയിലും പരിശോധിച്ചു. വ്യാഴാഴ്ച വൈകിട്ട് 6.17നാണ് ഇമെയില്‍ ലഭിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സൗത്ത് ഈസ്റ്റ്) രാജേഷ് ദിയോ പിടിഐയോട് പറഞ്ഞു.
ബോംബ് സ്‌ക്വാഡിന്റെ രണ്ട് സംഘങ്ങളും സ്നിഫര്‍ ഡോഗ്സും മറ്റ് ജീവനക്കാരും ചേര്‍ന്ന് പരിസരത്ത് തിരച്ചില്‍ നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.