മോക്ക ചുഴലിക്കാറ്റിന്റെ (cyclone Mocha) തീവ്രതയേറുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത ആറ് മണിക്കൂറിനുള്ളില്‍ മോക്ക ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (IMD)മുന്നറിയിപ്പ് നല്‍കി. അതിനുശേഷം കൂടുതല്‍ തീവ്രതയോടെ ചുഴലിക്കാറ്റ് വടക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങും. ഞായറാഴ്ചയോടെ ബംഗ്ലാദേശ് – മ്യാന്‍മാര്‍ തീരം തൊടുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ചുഴലിക്കാറ്റ് സാധ്യത കണക്കിലെടുത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) എട്ട് ടീമുകളെ പശ്ചിമ ബംഗാളില്‍ വിന്യസിച്ചിട്ടുണ്ട്.’ പ്രവചനങ്ങളനുസരിച്ച് മോക്ക ചുഴലിക്കാറ്റ് മെയ് 12 ന് കൊടുങ്കാറ്റായും മെയ് 14 ന് അതി ശക്തമായ ചുഴലിക്കാറ്റായും മാറും. ഞങ്ങള്‍ 8 ടീമുകളെ വിന്യസിച്ചിട്ടുണ്ട്.’ എന്‍ഡിആര്‍എഫ് രണ്ടാം ബറ്റാലിയന്‍ കമാന്‍ഡന്റ് ഗുര്‍മീന്ദര്‍ സിംഗ് പറഞ്ഞു
മോക്ക ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വിവിധ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും കാലാവസ്ഥാ ഏജന്‍സി മഴ മുന്നറിയിപ്പ് നല്‍കി. മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് നീങ്ങുന്നതിനാല്‍ ഈ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. യെമനിലെ ഒരു ചെറുപട്ടണമായ മോക്കയില്‍ നിന്നാണ് ചുഴലിക്കാറ്റിന് ഈ പേര് ലഭിച്ചത്. ഐഎംഡി പ്രവചനം അനുസരിച്ച് പരമാവധി മണിക്കൂറില്‍ 150-160 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം മോക്ക ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും മഴയ്ക്ക് കാരണമാകും. ഒരു ജില്ലയിലും ഇന്ന് പ്രത്യേക ജാഗ്രത മുന്നറിയിപ്പില്ല. എങ്കിലും ഇന്ന് ഉച്ചയോടെ വടക്കന്‍ ജില്ലകളിലും തെക്കന്‍ ജില്ലകളിലും മഴ പ്രതീക്ഷിക്കാം. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടിയേക്കും.
അടുത്ത മണിക്കൂറില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍, ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മത്സ്യ ബന്ധനത്തിനായി പോകുന്നവര്‍ക്ക് കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കുന്നുണ്ട്.