അഴിമതി ആരോപണത്തില്‍ പാര്‍ട്ടി വിശദീകരണം തേടിയതിനെ തുടര്‍ന്ന് ജെഡിയു (JDU) വിട്ട മുന്‍ കേന്ദ്രമന്ത്രി രാമചന്ദ്ര പ്രസാദ് സിംഗ് (ആര്‍സിപി) ഇന്ന് ബിജെപിയില്‍ (BJP) ചേരും. ഡല്‍ഹിയില്‍ ഉച്ചയ്ക്ക് 12.30 ന് ആര്‍സിപി സിംഗ് ബിജെപിയില്‍ ചേരും.
2013 മുതല്‍ 2022 വരെ, കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ സ്വത്തുക്കളെക്കുറിച്ചും വിശദീകരണം നല്‍കാന്‍ പാര്‍ട്ടി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ആര്‍സിപി സിംഗ് ജെഡിയു വിട്ടത്. നിതീഷ് കുമാര്‍ ഏഴ് ജന്മമെടുത്താലും പ്രധാനമന്ത്രിയാകില്ലെന്നും ജെഡി മുങ്ങുന്ന കപ്പലാണെന്നുമാണ് രാജിയ്ക്ക് പിന്നാലെ അദ്ദേഹം പറഞ്ഞത്.
സിംഗും കുടുംബാംഗങ്ങളും 2013 മുതല്‍ 2022 വരെ വന്‍ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഒരു കാലത്ത് മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന ആര്‍സിപി സിംഗിന് രാജ്യസഭയില്‍ തുടര്‍ച്ചയായ മൂന്നാം തവണ അംഗത്വം നിഷേധിച്ചതിനെത്തുടര്‍ന്ന് ജൂലൈ 6 നാണ് കേന്ദ്രമന്ത്രി സ്ഥാനം ഒഴിഞ്ഞത്.
മുഖ്യമന്ത്രിയുടെ സമ്മതമില്ലാതെ മന്ത്രി സ്ഥാനം സ്വീകരിച്ചതും ബിജെപിയുമായുള്ള അദ്ദേഹത്തിന്റെ അടുപ്പവും നിതീഷ് കുമാറുമായുള്ള സിംഗിന്റെ ബന്ധം വഷളാക്കി. പാര്‍ട്ടി അധ്യക്ഷസ്ഥാനം വിട്ടുനല്‍കാനും സിങ്ങിനോട് ആവശ്യപ്പെട്ടിരുന്നു. നിതീഷ് കുമാറിന്റെ സമ്മതമില്ലാതെ ആര്‍സിപി സിംഗ് കേന്ദ്ര സര്‍ക്കാരില്‍ ചേര്‍ന്നതുമുതല്‍ നിതീഷ് കുമാറിന് അദ്ദേഹത്തോട് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. മുന്‍ ഉത്തര്‍പ്രദേശ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ സിംഗ്, കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ആയിരിക്കെയാണ് നിതീഷ് കുമാറുമായി അടുത്തതും പാര്‍ട്ടിയില്‍ ഏറ്റവും വലിയ പിടിപാടുണ്ടാക്കിയതും