മണിപ്പൂർ സംഘർഷം: അക്രമത്തിൽ 54 പേർക്ക് ജീവൻ നഷ്ടപ്പെട്ടു,

0
75

മണിപ്പൂരിലെ അക്രമത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി വിവരം. ഇതുവരെ 54 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. മരിച്ച 54 പേരിൽ 16 മൃതദേഹങ്ങൾ ചുരാചന്ദ്പൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലും 15 മൃതദേഹങ്ങൾ ഇംഫാൽ ഈസ്റ്റിലെ ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും സൂക്ഷിച്ചിരിക്കുകയാണ്.

ഇംഫാൽ വെസ്റ്റിലെ ലാംഫെലിലുള്ള റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 23 പേരുടെ മരണം സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സൈന്യത്തിന്റെയും അസം റൈഫിൾസിന്റെയും പതിനായിരത്തോളം സൈനികരെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇത് സ്ഥിരീകരിക്കാൻ പോലീസ് തയ്യാറായിട്ടില്ല.

ഇംഫാൽ ഈസ്റ്റ് ആൻഡ് വെസ്റ്റ്, ചുരാചന്ദ്പൂർ, ബിഷെൻപൂർ തുടങ്ങിയ ജില്ലകളിൽ നിന്നാണ് ഈ മൃതദേഹങ്ങൾ കൊണ്ടുവന്നതെന്നാണ് വിവരം. അതേസമയം, വെടിയേറ്റ് പരിക്കേറ്റ നിരവധി പേർക്ക് റിംസിലും ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും ചികിത്സയിൽ തുടരുകയാണ്. മണിപ്പൂരിൽ ആദിവാസി ഇതര വിഭാഗമായ മെയ്തേയ് സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച കോടതി ഉത്തരവിനെതിരെയാണ് പ്രതിഷേധം.

പട്ടികവർഗ്ഗ (എസ്ടി) പദവി നൽകണമെന്ന ഗോത്രവർഗക്കാരല്ലാത്ത മെയ്‌തേതികളുടെ ആവശ്യത്തിൽ പ്രതിഷേധിച്ച്, ചുരാചന്ദ്പൂർ ജില്ലയിലെ ടോർബംഗ് ഏരിയയിൽ ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പൂർ (എടിഎസ്യുഎം) ആഹ്വാനം ചെയ്ത ‘ട്രൈബൽ സോളിഡാരിറ്റി മാർച്ചിനിടെയാണ് മണിപ്പൂരിലെ പല ജില്ലകളിലും അക്രമം പൊട്ടിപ്പുറപ്പെട്ടത്.

ആയിരക്കണക്കിന് പ്രക്ഷോഭകർ റാലിയിൽ പങ്കെടുത്തിരുന്നു. ഇതിനിടെ ഗോത്രവർഗക്കാരും ആദിവാസികളല്ലാത്തവരും തമ്മിൽ സംഘർഷം ഉണ്ടാകുകയായിരുന്നു. ആക്രമത്തെത്തുടർന്ന്, മണിപ്പൂരിലെ എട്ട് ജില്ലകളിൽ കർഫ്യൂ ഏർപ്പെടുത്തി, അടുത്ത അഞ്ച് ദിവസത്തേക്ക് വടക്കുകിഴക്കൻ സംസ്ഥാനത്തെ മുഴുവൻ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here