ജമ്മു കശ്മീരിലെ രജൗരിയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

0
66

:ജമ്മു കശ്മീരിലെ രജൗരിയില്‍ സുരക്ഷാ സേനയും ഭീകരരുമായുളള ഏറ്റുമുട്ടല്‍ തുടരുന്നു. പ്രദേശത്ത് കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. രജൗരി സെക്ടറിലെ കാണ്ടി വനമേഖലയിലുളള ഭീകരരെ തുരത്താനുള്ള ഓപ്പറേഷന്റെ ഭാഗമായാണ് ഈ ഏറ്റുമുട്ടല്‍. രജൗരിയിലെ കാണ്ടി വനത്തില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണെന്ന് ജമ്മുവിലെ പ്രതിരോധ പിആര്‍ഒ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

രജൗരിയിലെ കാണ്ടിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷന്റെ സാഹചര്യം അവലോകനം ചെയ്യാന്‍ നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി ഗ്രൗണ്ട് സീറോയിലുണ്ട്. ഗ്രൗണ്ട് കമാന്‍ഡര്‍മാര്‍ ഓപ്പറേഷന്റെ എല്ലാ വശങ്ങളും അദ്ദേഹത്തെ അറിയിച്ചു. അടുത്തിടെ പൂഞ്ചില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ട ആക്രമണത്തിന് ഉത്തരവാദികളായ ഭീകരരെ പിടികൂടാനാണ് സൈന്യം ഈ ഓപ്പറേഷന്‍ ആരംഭിച്ചത്.

രജൗരിയിലെ കാണ്ടി വനത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച്ച രാവിലെ 7:30 ഓടെയാണ് ഓപ്പറേഷന്‍ ആരംഭിച്ചതെന്ന് സൈന്യം അറിയിച്ചിരുന്നു. ടോട്ട ഗലി മേഖലയില്‍ സൈനിക ട്രക്കിന് നേരെ ആക്രമണം നടത്തിയ ഭീകരരെ പിടികൂടാനായിരുന്നു ഈ നീക്കം. ഭീകരര്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാതിരിക്കാന്‍ കേന്ദ്ര റിസര്‍വ് പോലീസ് ഫോഴ്സും (സിആര്‍പിഎഫ്) സൈനികരും പ്രദേശത്ത് ശക്തമായ വലയം തീര്‍ത്തിരുന്നു.

സൈന്യം ഡ്രോണുകളും സ്‌നിഫര്‍ ഡോഗുകളും മോര്‍ട്ടാറുകളും ഗ്രനേഡുകളും ഉപയോഗിച്ചാണ് വെടിവയ്പ്പ് നടത്തിയത്. എന്നാല്‍ ഭീകരര്‍ സൈന്യത്തിന് നേരെ സ്ഫോടകവസ്തു പ്രയോഗിച്ച് തിരിച്ചടിച്ചു. ഇതില്‍ രണ്ട് സൈനികര്‍ സംഭവസ്ഥലത്തും പരിക്കേറ്റ മൂന്ന് സൈനികര്‍ ആശുപത്രിയിലും മരണപ്പെട്ടതായി സൈന്യം അറിയിച്ചു.

അതേസമയം വെള്ളിയാഴ്ചത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ കീഴിലുളള പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പിഎഎഫ്എഫ്) ഏറ്റെടുത്തതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രജൗരി, പൂഞ്ച് ജില്ലകളില്‍ കഴിഞ്ഞ 15 ദിവസമായി സുരക്ഷാ സേന വന്‍തോതിലുള്ള സുരക്ഷാ ഓപ്പറേഷനില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഏപ്രില്‍ 20ന് ഭട്ടാധുരിയനില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് ശേഷമാണ് ഈ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here