കൽപ്പറ്റ : വയനാട് പുൽപ്പള്ളി ചേപ്പിലയിൽ കടുവ ആക്രമണം. തൊഴുത്തിന് സമീപം കെട്ടിയിരുന്ന ആറ് മാസം പ്രായമായ പശുക്കുട്ടിയെ കടുവ കൊന്നു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. ചേപ്പില ശങ്കരമംഗലം നന്ദന്റെ പശുക്കുട്ടിയെയാണ് കടുവ കൊന്നത്. പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചു.
വന്യമൃഗശല്യം പരിഹരിക്കാൻ വിദഗ്ധ പാനൽ രൂപീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അരിക്കൊമ്പനെ പിടിച്ചതുകൊണ്ട് മാത്രം പ്രശ്നം തീരുന്നില്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് തീരുമാനം. തീവ്രനിലപാട് ഉള്ളവർ പാനലിൽ ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉടൻ ഉന്നതല ചർച്ച സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.