‘മൻ കി ബാത്തിന്റെ’ 100-ാം എപ്പിസോഡിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു “പ്രധാന സേവകനെ” പോലെയാണ് സംസാരിച്ചതെന്നും പരിപാടിയിൽ രാഷ്ട്രീയമില്ലെന്നും കോൺഗ്രസിന്റെ വിമർശനത്തിന് മറുപടിയായി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ഞായറാഴ്ച പറഞ്ഞു. ‘മൻ കി ബാത്ത്’ (Mann Ki Baat) 100 എപ്പിസോഡുകൾ പൂർത്തിയാക്കിയപ്പോൾ, നിർണായക വിഷയങ്ങളിൽ പ്രധാനമന്തി മൗനം പാലിക്കുന്നതായി കോൺഗ്രസ് (Congress) ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് നിർമ്മല സീതാരാമൻ പ്രതികരിച്ചത്.
ചൈന അതിർത്തി തർക്കം , അദാനി, വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങൾ, ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം തുടങ്ങിയ നിർണായക വിഷയങ്ങളിൽ മൗൻ കി ബാത്ത് (മൗനം) ആണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞിരുന്നു. എന്നാൽ ‘മൻ കി ബാത്തിൽ രാഷ്ട്രീയമില്ല… മൻ കി ബാത്തിന്റെ ആത്മാവിൽ പോസിറ്റീവുണ്ട്,’ – പ്രീത് വിഹാറിൽ റേഡിയോ സംപ്രേക്ഷണം കേട്ട ശേഷം ധനമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“മോദി ജനങ്ങളോട് സംസാരിച്ചത് ഒരു ‘പ്രധാന സേവകനെ’ പോലെയാണെന്നും ഒരു പ്രധാനമന്ത്രിയെപ്പോലെയല്ല, സാധാരണക്കാരുടെ കാതലായ വിഷയങ്ങളെക്കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിച്ചു.”- നിർമ്മല സീതാരാമൻ പറഞ്ഞു. 2020-ൽ കൊവിഡ്-19 വ്യാപിച്ചതും പിന്നീട് റഷ്യ-ഉക്രെയ്ൻ (സംഘർഷം) കാരണവും ഉണ്ടായ പ്രശ്‌നങ്ങൾക്കിടയിലും ഇത്തരമൊരു പ്രധാൻ സേവകൻ നമ്മുടെ രാജ്യത്തെ നയിക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാമെല്ലാവരും സുരക്ഷിതരാണ്, ഇന്ന് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. ” മന്ത്രി കൂട്ടിച്ചേർത്തു.
തോൽപ്പിക്കാൻ കഴിയാത്തവരെ അധിക്ഷേപിക്കുന്നത് കോൺഗ്രസിന്റെ സ്വഭാവമാണ്, പക്ഷേ ജനങ്ങളുടെ പിന്തുണ പ്രധാനമന്ത്രി മോദിക്കൊപ്പമാണ്. അവർ പ്രധാനമന്ത്രിയെ എത്രത്തോളം കുറ്റപ്പെടുത്തുന്നുവോ അത്രയധികം ആളുകൾ അദ്ദേഹത്തെ അനുഗ്രഹിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ‘മൻ കി ബാത്തിലൂടെ’ പ്രധാനമന്ത്രി ഇന്ത്യൻ പൗരന്മാരിലെ നന്മ പുറത്തുകൊണ്ടുവന്നതായി സീതാരാമൻ പറഞ്ഞു.