കീവ്: യുക്രെയിന്‍ തലസ്ഥാനമായ കീവ് അടക്കമുള്ള നഗരങ്ങളില്‍ ഇന്നലെ പുലര്‍ച്ചെ റഷ്യ നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ 19 പേര്‍ കൊല്ലപ്പെട്ടു.
നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പത്ത് വയസുള്ള കുട്ടി അടക്കം 17 പേര്‍ കൊല്ലപ്പെട്ടത് മദ്ധ്യ നഗരമായ ഉമാനിലാണ്. ഫ്ലാറ്റ് സമുച്ഛയത്തില്‍ മിസൈല്‍ പതിക്കുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. നിപ്രോയില്‍ മൂന്ന് വയസുകാരിയും മാതാവും കൊല്ലപ്പെട്ടു. അതേ സമയം യുക്രെയിന്‍ സൈന്യത്തിന്റെ റിസേര്‍വ് യൂണിറ്റുകളെയാണ് ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഉമാനിലെ പത്ത് ജനവാസ കെട്ടിടങ്ങള്‍ റഷ്യ തകര്‍ത്തെന്ന് യുക്രെയിന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്കി പറഞ്ഞു. 51 ദിവസങ്ങള്‍ക്ക് ശേഷമാണ് റഷ്യ കീവില്‍ ആക്രമണം നടത്തുന്നത്. കീവില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റഷ്യ വിക്ഷേപിച്ച 23 മിസൈലുകളില്‍ 21 എണ്ണവും രണ്ട് ഡ്രോണുകളും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വെടിവച്ച് വീഴ്ത്തിയെന്ന് യുക്രെയിന്‍ സൈന്യം പറയുന്നു.
അതിനിടെ, കിഴക്കന്‍ യുക്രെയിനിലെ ഡൊണെസ്കില്‍ മിനി ബസിന് നേരെയുണ്ടായ യുക്രെയിന്‍ ഷെല്ലാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ അനുകൂല വിമതര്‍ ആരോപിച്ചു. അതേസമയം, യുക്രെയിനില്‍ റഷ്യന്‍ നിയന്ത്രണത്തിലുള്ള ഡൊണെസ്ക്, ലുഹാന്‍സ്ക്, ഖേഴ്സണ്‍, സെപൊറീഷ്യ പ്രവിശ്യകളിലെ ജനങ്ങള്‍ക്ക് റഷ്യന്‍ പൗരത്വത്തിനായി അപേക്ഷിക്കാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ ഇന്നലെ ഉത്തരവിറക്കി. റഷ്യന്‍ പൗരത്വം സ്വീകരിക്കാത്തവരെ ഈ മേഖലകളില്‍ നിന്ന് നാടുകടത്താന്‍ സാദ്ധ്യതയുണ്ട്.