ബോളിവുഡ് നടി ജിയാ ഖാന്റെ മരണത്തില്‍ നടന്‍ നടന്‍ സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കി. മുംബൈയിലെ പ്രത്യേക സിബിഐ കോടതിയാണ് ഏകദേശം ഒരു ദശാബ്ദത്തിന് ശേഷം കേസില്‍ വിധി പറഞ്ഞത്. ആത്മഹത്യാ പ്രേരണക്കുറ്റമാണ് സൂരജിനെതിരെ ചുമത്തിയിരുന്നത്. എന്നാൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി താരത്തെ ജഡ്ജി എ എസ് സയ്യദ് വെറുതെവിടുകയായിരുന്നു. മുംബൈ കോടതി ഉത്തരവിനെതിരെ ജിയ ഖാന്റെ അമ്മ റാബിയ ഖാന്‍ അപ്പീല്‍ നല്‍കിയേക്കും.
ജിയയുടെ ആറ് പേജുള്ള ആത്മഹത്യാ കുറിപ്പിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സൂരജിനെ അറസ്റ്റ് ചെയ്തത്. നടി ഗര്‍ഭച്ഛിദ്രത്തിന് വിധേയയായിരുന്നുവെന്നും വെളിപ്പെടുത്തലുണ്ടായി. 2013 ജൂണ്‍ 3 ന് ആണ് ജിയയെ മുംബൈ ജുഹുവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ജിയാ ഖാന്‍ ആത്മഹത്യാ കേസിന്റെ നാള്‍വഴി….
ജൂണ്‍ 3, 2013: ജിയാ ഖാനെ മുംബൈയിലെ അപ്പാര്‍ട്ടുമെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പോലീസ് ആദ്യം സംശയിച്ചത്. ഒരു ദിവസത്തിനുശേഷം, മകളുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് അമ്മ റാബിയ ഖാന്‍ ആരോപിച്ചു.
ജൂണ്‍ 10, 2013: ദിവസങ്ങള്‍ക്ക് ശേഷം, ജിയാ ഖാന്റെ മുന്‍ കാമുകന്‍ സൂരജ് പഞ്ചോളിയെ അവളുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കണ്ടെത്തിയ ആറ് പേജുള്ള ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചു.
ജൂലൈ 2, 2013: സൂരജ് പഞ്ചോളിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു, 22 ദിവസത്തെ ജയില്‍വാസത്തിന് ശേഷം നടന്‍ പുറത്തിറങ്ങി.
ഒക്ടോബര്‍ 2013: കേസിലെ പ്രധാന പ്രോസിക്യൂഷന്‍ സാക്ഷിയായ റാബിയ ഖാന്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. ജിയാ ഖാനെ സൂരജ് പഞ്ചോളി ദുരുപയോഗം ചെയ്തിരുന്നതായും ശാരീരികമായും വാക്കാലും അധിക്ഷേപിക്കാറുണ്ടെന്നും അവര്‍ മൊഴി നല്‍കി.
2014 ജൂലൈ 3: ബോംബെ ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടു.
2015 മെയ്: കേസുമായി ബന്ധപ്പെട്ട് ആദിത്യയുടെയും സൂരജ് പഞ്ചോളിയുടെയും വസതികളില്‍ സിബിഐ പരിശോധന നടത്തി.
ഡിസംബര്‍ 2015: ജിയാ ഖാന്‍ എഴുതിയ ആറ് പേജുള്ള കത്തിന്റെ അടിസ്ഥാനത്തില്‍ സൂരജ് പഞ്ചോളിക്കെതിരെ കുറ്റം ചുമത്തി. ജിയാ ഖാന്റെ സൂരജുമായി ഉണ്ടായിരുന്ന അടുത്ത ബന്ധം, ശാരീരിക പീഡനം, മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ എന്നിവ ആത്മഹത്യയിലേക്ക് നയിച്ചതായി കുറിപ്പില്‍ വിവരിച്ചിരുന്നുവെന്ന് സിബിഐ അറിയിച്ചു.
2016: ജിയാ ഖാന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് സിബിഐ.
ഫെബ്രുവരി 2017: ജിയയുടെ മരണം പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റാബിയ ഖാന്റെ ഹര്‍ജിയെ ബോംബെ ഹൈക്കോടതിയില്‍ സിബിഐ എതിര്‍ത്തു. ഹര്‍ജി പിന്നീട് ഹൈക്കോടതി തള്ളി.
2018: സൂരജ് പഞ്ചോളിക്കെതിരെ തുടരന്വേഷണത്തിനുള്ള അപേക്ഷ പ്രത്യേക സിബിഐ കോടതി തള്ളി.
2021: സിബിഐ അന്വേഷണത്തിന് ശേഷം സെഷന്‍സ് കോടതിക്ക് അധികാരമില്ലെന്ന് അവകാശപ്പെട്ടു. ജിയാ ഖാന്‍ ആത്മഹത്യ കേസ് പ്രത്യേക സിബിഐ കോടതിയിലേക്ക് മാറ്റി.
2022: കേസിന്റെ പുതിയ അന്വേഷണം ആവശ്യപ്പെട്ട് റാബിയയുടെ മറ്റൊരു ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി.
2023: ഏപ്രിലില്‍ പ്രത്യേക സിബിഐ കോടതി ജഡ്ജി എ എസ് സയ്യദ് ഇരുഭാഗത്തിന്റെയും അന്തിമ വാദം കേള്‍ക്കുകയും കേസില്‍ വിധി പറയുകയും ചെയ്തു. പരാതിക്കാരിയായ റാബിയ ഖാന്റെയും പോലീസിന്റെയും സിബിഐയുടെയും നിര്‍ദ്ദേശപ്രകാരം പ്രോസിക്യൂഷന്‍ സാക്ഷികള്‍ തനിക്കെതിരെ മൊഴി നല്‍കിയെന്നും അന്വേഷണവും കുറ്റപത്രവും തെറ്റാണെന്നും സൂരജ് പഞ്ചോളി കോടതിയില്‍ സമര്‍പ്പിച്ച അന്തിമ മൊഴിയില്‍ അവകാശപ്പെട്ടു.