ന്യൂഡല്‍ഹി: ആരോഗ്യത്തിന് ഹാനികരമായ പദാര്‍ഥങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ).
മാര്‍ഷല്‍ ദ്വീപുകളിലും മൈക്രോനേഷ്യയിലും വിതരണം ചെയ്യുന്ന മരുന്നില്‍ അപകടകരമായ ഘടകങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മുന്നറിയിപ്പ്.
പഞ്ചാബ് ആസ്ഥാനമായുള്ള ക്യു.പി ഫാര്‍മകെം ലിമിറ്റഡ് നിര്‍മിച്ച് ട്രില്ലിയം ഫാര്‍മ വിതരണം ചെയ്യുന്ന കഫ് സിറപിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഉസ്ബെകിസ്താനില്‍ ഇന്ത്യന്‍ കമ്ബനിയുടെ കഫ് സിറപ്പ് കഴിച്ചതിനെത്തുടര്‍ന്ന് 18 കുട്ടികള്‍ മരിച്ചു എന്ന ആരോപണത്തിന് പിന്നാലെയാണ് പുതിയ വിവാദം.
മാര്‍ഷല്‍ ദ്വീപുകളിലെയും മൈക്രോനേഷ്യയിലെയും ഒരു ബാച്ചില്‍ നിന്നുള്ള സിറപ്പിന്റെ സാമ്ബിളുകളില്‍ “അസ്വീകാര്യമായ അളവില്‍ ഡൈതലീന്‍ ഗ്ലൈക്കോളും എഥിലീന്‍ ഗ്ലൈക്കോളും” കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന പറഞ്ഞു. ഇവ ഉപയോഗത്തിന് സുരക്ഷിതമല്ലെന്നും ഡബ്ല്യു.എച്ച്.ഒ
മുന്നറിയിപ്പ് നല്‍കി. കുട്ടികളില്‍ ഇതിന്‍റെ പാര്‍ശ്വഫലം ഗുരുതരമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓസ്‌ട്രേലിയയിലെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയായ തെറാപ്യൂട്ടിക്‌സ് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്റെ ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറിയിലാണ് സിറപ്പിന്റെ സാമ്ബിളുകള്‍ പരിശോധിച്ചത്.
ഡൈതലീന്‍ ഗ്ലൈക്കോളും എഥിലീന്‍ ഗ്ലൈക്കോളും അമിതമായി ശരീരത്തിലെത്തിലെത്തിയാല്‍ കുട്ടികളെ ഗുരുതരമായി ബാധിക്കും. വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, മൂത്ര തടസ്സം, തലവേദന, മാനസികാവസ്ഥയിലെ മാറ്റം, വൃക്ക തകരാറുകള്‍ എന്നിവയ്ക്കു കാരണമാവും. അത് മരണത്തിലേക്കു വരെ നയിച്ചേക്കാമെനനും ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്ന് സമീപകാലത്ത് ഡബ്ല്യു.എച്ച്.ഒ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്ന മൂന്നാമത്തെ മരുന്നാണ് ഇത്.