അന്തരിച്ച മുന്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിനോടുളള ആദര സൂചകമായി രാജ്യത്തുടനീളം ദുഃഖാചരണം നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഏപ്രില്‍ 26 മുതല്‍ 27 വരെ രണ്ട് ദിവസത്തെ സംസ്ഥാന ദുഃഖാചരണം ആചരിക്കും. പതിവായി ദേശീയ പതാക ഉയര്‍ത്താറുളള എല്ലാ സ്ഥാപനങ്ങളിലെയും പതാക പകുതി താഴ്ത്തും. ഈ രണ്ട് ദിവസത്തേക്ക് ഔദ്യോഗിക വിനോദ പരിപാടികളും ഉണ്ടാകില്ല.
പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ (എസ്എഡി) കുലപതിയുമായ പ്രകാശ് സിംഗ് ബാദല്‍ (95) ചൊവ്വാഴ്ചയാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ മകനും പാര്‍ട്ടി പ്രസിഡന്റുമായ സുഖ്ബീര്‍ സിംഗ് ബാദലിന്റെ പേഴ്സണല്‍ അസിസ്റ്റന്റാണ് മരണവിവരം സ്ഥിരീകരിച്ചത്. ഭട്ടിന്‍ഡയിലെ ബാദല്‍ ഗ്രാമത്തിലാകും അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ നടക്കുക. 1970-71, 1977-80, 2007-2017 എന്നീ കാലഘട്ടങ്ങളിൽ പഞ്ചാബിന്റെ മുഖ്യമന്ത്രിയായിരുന്നു പ്രകാശ് സിംഗ് ബാദൽ. ഭാര്യ സുരീന്ദര്‍ കൗര്‍ ബാദല്‍, മകന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍, മരുമകള്‍ ഹര്‍സിമ്രത് കൗര്‍ ബാദല്‍.