കൃഷിവകുപ്പിന്റെ 131 ഫാം ഉത്പന്നങ്ങള്‍ ഇന്നു മുതല്‍ ഓണ്‍ലൈന്‍ വിപണിയില്‍.

0
59

കൊച്ചി: കൃഷി വകുപ്പിന്റെ 131 ഫാം ഉത്പന്നങ്ങള്‍ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് തുടങ്ങിയ പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ്. കര്‍ഷകര്‍ക്ക് മൂല്യവര്‍ദ്ധനവിലൂടെ മികച്ച വരുമാനം ലഭ്യമാക്കുന്നതിന്റെ ആദ്യ പടിയായാണ് ഉത്പന്നങ്ങള്‍ ഓണ്‍ലൈനില്‍ എത്തിച്ചതെന്നും മന്ത്രി പറഞ്ഞു. കേരള സര്‍ക്കാരിന്റെ മൂന്നാം നൂറ് ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി എറണാകുളം മറൈന്‍ഡ്രൈവില്‍ വച്ച്‌ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ ഓണ്‍ലൈന്‍ വിപണന ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യയില്‍ എവിടെയുമുള്ള പൊതുജനങ്ങള്‍ക്ക് ഇനിമുതല്‍ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് വഴി കേരളാഗ്രോ ബ്രാന്‍ഡിലുള്ള ഉത്പന്നങ്ങള്‍ വാങ്ങാമെന്ന് മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ 100 ഉത്പ്പന്നങ്ങളെ ഓണ്‍ലൈനില്‍ ലഭ്യമാക്കുവാന്‍ ലക്ഷ്യമിട്ട സ്ഥാനത്ത് 131 ഉത്പന്നങ്ങളെ ഓണ്‍ലൈനിലേക്കെത്തിക്കുവാന്‍ സാധിച്ചു. ഇത്തരത്തില്‍ കര്‍ഷകരുടേതുള്‍പ്പടെ കൂടുതല്‍ ഉത്പ്പന്നങ്ങള്‍ ഓണ്‍ലൈനിലേക്കെത്തിക്കും. കൂടാതെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി കണ്ടെത്തുന്നതിന്റെ ഭാഗമായി ബിസിനസ് മീറ്റുകള്‍ സംഘടിപ്പിക്കുമെന്നും അതിന്റെ ആദ്യഘട്ടമായി തിരുവനന്തപുരത്ത് വച്ച്‌ നടത്തിയ വൈഗ എക്സിബിഷനിലെ ബി ടു ബി മീറ്റില്‍ 39.76 കോടി രൂപയുടെ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു.

കൃഷിവകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി കേരളത്തില്‍ വലിയൊരു മുന്നേറ്റമാണ് സൃഷ്ടിച്ചത്. 23,000ത്തോളം പ്രവര്‍ത്തന നിരതമായ കൃഷിക്കൂട്ടങ്ങള്‍ ഈ ക്യാമ്ബയിന്റെ ഭാഗമായി തയ്യാറാക്കുവാന്‍ കഴിഞ്ഞു. ഇത്തരത്തില്‍ കൂട്ടായ്മകളിലൂടെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളെ മൂല്യവര്‍ദ്ധനവ് വരുത്തി കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൃഷിവകുപ്പ് നേതൃത്വം നല്‍കുന്നുണ്ട്. മൂല്യ വര്‍ദ്ധന പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്നതിന്റെ ഭാഗമായി മൂല്യ വര്‍ദ്ധിത കൃഷി മിഷന്‍ രൂപീകരിച്ചു.

ആകര്‍ഷകമായ പാക്കിങ്ങിനോടൊപ്പം അന്താരാഷ്ട്രനിലവാരം ഉറപ്പുവരുത്തുന്നതിനായി കര്‍ഷകര്‍ക്ക് പാക്കേജിങ് സാങ്കേതികവിദ്യകളില്‍ പരിശീലനം നല്‍കുന്നതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ധാരണപത്രം ഒപ്പുവയ്ക്കുകയും, ആദ്യഘട്ട പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. വിവിധ കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണി ഉറപ്പാക്കുന്നതിന്റെ ഭാഗമായി സിയാല്‍ മാതൃകയില്‍ കര്‍ഷകരുടെ കൂടെ പങ്കാളിത്തമുള്ള കേരള അഗ്രി ബിസിനസ് കമ്ബനി(KABCO) രണ്ടാഴ്ചകള്‍ക്കുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

മറൈന്‍ഡ്രൈവില്‍ നടക്കുന്ന സഹകരണ എക്സ്പോയിലെ കേരളാഗ്രോ സ്റ്റാള്‍ ഉത്ഘാടനം, ‘കാര്‍ഷിക അനുബന്ധ മേഖലയും സഹകരണ സ്ഥാപനങ്ങളും -ആധുനിക കാഴ്ചപ്പാടുകള്‍’ സെമിനാര്‍ ഉത്ഘാടനം, കേരളാഗ്രോ കിയോസ്കുകളുടെ അനാച്ഛാദനം എന്നിവ കൃഷിമന്ത്രി നിര്‍വ്വഹിച്ചു .

എറണാകുളം എംഎല്‍എ ടി ജെ വിനോദിന്റെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച വിപണനോദ്ഘാടന വേദിയില്‍ കേരളാഗ്രോ ബ്രാന്‍ഡുമായി ബന്ധപ്പെടുത്തി സംഘടിപ്പിച്ച മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം അനില്‍കുമാര്‍, എറണാകുളം എം പി ഹൈബി ഈഡന്‍, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവര്‍ നിര്‍വഹിച്ചു. വേദിയില്‍ മുതിര്‍ന്ന കര്‍ഷക എല്‍സി ജോര്‍ജിനെ മന്ത്രി ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, കൃഷി ഡയറക്ടര്‍ അഞ്ജു കെ.എസ് ഐ എ എസ്, എറണാകുളം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷീല പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here