അഗ്നിസാക്ഷി, ശ്രീ ബാലാജി ഫോട്ടോ സ്റ്റുഡിയോ തുടങ്ങി നിരവധി ശ്രദ്ധേയ സീരിയലുകളുടെ ഭാഗമായ കന്നഡ നടൻ സമ്പത്ത് ജെ. റാം (Sampath J. Ram) വീടിനുള്ളിൽ മരിച്ച നിലയിൽ. ബെംഗളൂരു നെലമംഗലയ്ക്ക് സമീപത്തെ വീട്ടിലാണ് നടനെ മരിച്ചതായി കണ്ടെത്തിയത്. തൊഴിലില്ലായ്മയും മികച്ച അവസരങ്ങളുടെ നഷ്‌ടവും കാരണമാണ് താരം ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്.
സമ്പത്തിന്റെ സുഹൃത്തും നടനുമായ രാജേഷ് ധ്രുവയാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വാർത്ത സ്ഥിരീകരിച്ചത്. “നിന്റെ വേർപാട് താങ്ങാനുള്ള ശക്തി ഞങ്ങൾക്കില്ല. ഇനിയും ഒരുപാട് സിനിമകൾ ചെയ്യാനുണ്ട്. ഒരുപാട് പോരാട്ടങ്ങൾ ബാക്കിയുണ്ട്. നിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഇനിയും ഒരുപാട് സമയമുണ്ട്. ഇനിയും വലിയ സ്റ്റേജിൽ നിന്നെ കാണണം. ദയവായി തിരിച്ചു വരൂ,” ധ്രുവ ഹൃദയഭേദകമായ പോസ്റ്റിൽ കുറിച്ചു.
മറ്റ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ലെങ്കിലും, നിരവധി കന്നഡ താരങ്ങൾ അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ നഷ്ടത്തിൽ വിലപിക്കുകയും ചെയ്തു. സമ്പത്ത് ജെ. റാം കഴിഞ്ഞ വർഷമാണ് വിവാഹിതനായത്. സമ്പത്തിന്റെ ജന്മനാടായ എൻ.ആർ. പുരയിൽ സംസ്‌കാര ചടങ്ങുകൾ നടക്കും.