ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു. ഇന്ന് കേസ് പരിഗണിച്ച ബെഞ്ചിലെ അംഗമായ സിടി രവികുമാർ പിന്മാറിയതിനെ തുടർന്നാണിത്. ഹൈക്കോടതിയിൽ കേസ് കേട്ടതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രവികുമാർ പിന്മാറിയത്. ജസ്റ്റിസ് എം.ആർ ഷായും ജസ്റ്റിസ് രവികുമാറും അടങ്ങിയ ബെഞ്ച് കേസ് പരിഗണിക്കാമെന്നായിരുന്നു അറിയിപ്പ്.
പനി ബാധിച്ച് ചികിത്സയിലായതിനാൽ ഹർജി പരിഗണിക്കുന്നതു മൂന്നാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഊർജ വകുപ്പു മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസിന്റെ അഭിഭാഷകൻ എം.എൽ.ജിഷ്ണു കത്തു നൽകിയിരുന്നു. ഇത് 33-ാം തവണയാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെയ്ക്കുന്നത്.
കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ നടപടിക്ക് എതിരെയുള്ള സിബിഐയുടെ അപ്പീലും, ഹൈക്കോടതി വിചാരണ നേരിടണമെന്ന് പറഞ്ഞ മൂന്ന് പ്രതികളുടെ ഹർജിയുമാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. നേരത്തെ പലതവണയായി സിബിഐ ഉൾപ്പടെ ആവശ്യപ്പെട്ടതിന്റെ ഫലമായാണ് കേസ് നീട്ടിവച്ചത്.
2017 ഓഗസ്റ്റ് 23നാണ് ലാവ്‌ലിൻ കേസിൽ പിണറായി വിജയൻ, മുൻ ഊർജ്ജ വകുപ്പ് സെക്രട്ടറി കെ. മോഹന ചന്ദ്രൻ, ഊർജ്ജ വകുപ്പ് ജോയിന്റെ സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കി വിധി പുറപ്പെടുവിച്ചത്. 2017 ഡിസംബറിലാണ് മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയതിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.