മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് തര്‍ക്കം; വീട്ടുടമസ്ഥന്‍ ശുചീകരണ തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി !

0
55

മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥനും തൊഴിലാളികളും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെ വീട്ടുമടസ്ഥന്‍ ശുചീകരണ തൊഴിലാളികള്‍ക്ക് നേരെ തോക്കെടുത്തു. ഇയാള്‍ തൊഴിലാളികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഇന്‍ഡോറിലെ പെട്രോള്‍ പമ്പ് ഉടമ മഹേഷ് പട്ടേലാണ് ശുചീകരണ തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയത്. പട്ടേലിന്‍റെ വീടിന് പുറത്ത് മാലിന്യം ശേഖരിക്കാൻ ശുചീകരണ തൊഴിലാളികൾ എത്തിയപ്പോഴായിരുന്നു സംഭവം.

ഉണങ്ങിയതും നനഞ്ഞതും പ്ലാസ്റ്റിക്കുകളുമടങ്ങിയ മാലിന്യം വേർതിരിക്കാതെ ഒന്നിച്ച് ഇട്ടതുമായി ബന്ധപ്പെട്ട് പട്ടേലിന്‍റെ ഭാര്യയും ശുചീകരണ തൊഴിലാളികളും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ പട്ടേലിന്‍റെ മകനും വിഷയത്തില്‍ ഇടപെട്ട് രംഗത്തെത്തി. പ്രശ്നം വഷളാവുന്നതിനിടെയാണ് പട്ടേല്‍ തോക്കുമായെത്തി ശുചീകരണ തൊഴിലാളികളെ ഭീഷണിപ്പെടുത്തിയത്. ശുചീകരണ തൊഴിലാളികൾക്ക് നേരെ പട്ടേൽ തോക്ക് ചൂണ്ടുന്നതും അവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന് ഭീഷണിപ്പെടുത്തുന്നതും മകന്‍ തൊഴിലാളികളെ ചീത്ത വിളിക്കുമ്പോള്‍ അമ്മ തടഞ്ഞ് വെയ്ക്കുന്നതും വീഡിയോയില്‍ കാണാം.

സംഭവത്തെ തുടര്‍ന്ന്  മാലിന്യവണ്ടികളുടെ ഡ്രൈവർമാർ, ശുചീകരണ തൊഴിലാളികൾ എന്നിവർ ചേർന്ന് പോലീസിൽ രേഖാമൂലം പരാതി നൽകി. എന്നാല്‍ വിഷയത്തില്‍ പോലീസ് വേണ്ട വിധം ഇടപെട്ടില്ലെന്നും പരാതി ഉയര്‍ന്നെന്ന്  എൻഡിടിവി റിപ്പോർട്ട് ചെയ്തു.  @MissionAmbedkar എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. പതിനാറായിരത്തിലധികം പേര്‍ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞു. വീഡിയോ വൈറലായതോടെ സാമൂഹിക മാധ്യമങ്ങളില്‍ പട്ടേലിനെതിരെ നടപടിയാവശ്യപ്പെട്ട് നിരവധി പേരാണ് എത്തിയത്. വിഷയം പരിശോധിച്ച് വരികയാണെന്നും പരാതിക്കാരുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നും മുതിർന്ന പോലീസ് ഓഫീസർ ആശിഷ് മിശ്ര പ്രതികരിച്ചു.    “കൃത്യമായി എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ ഞങ്ങൾ വിഷയം പരിശോധിക്കുന്നു. ഞങ്ങൾ പരാതിക്കാരെ ബന്ധപ്പെടാൻ ശ്രമിക്കുകയാണ്,” ആശിഷ് മിശ്ര പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here