പാലിന് വില കൂട്ടി മിൽമ.

0
54

തിരുവനന്തപുരം : നാളെ മുതൽ മിൽമ പാലിന് വില കൂടും.  പച്ച മഞ്ഞ കവറിലുള്ള പാലിനാണ് വില കൂടുക.  മിൽമാ റിച്ച് കവർ പാലിന് 29 രൂപയായിരുന്നു ഇത് 30 രൂപയാകും. മിൽമ സ്മാർട്ട് കവറിന് 24 രൂപയായിരുന്നതിൽ നിന്ന് 25 രൂപയായി വർദ്ധിക്കും. വലിയ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം. എന്നാൽ ഈ വില കൂടലുകൊണ്ടൊന്നും നികത്താനാവാത്ത നഷ്ടമാണ് മിൽമ നേരിടുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു. മിൽമ റിച്ച് കവറും മിൽമ സ്മാർട് കവറും വിറ്റ് പോകുന്നത് മൊത്തം വിൽപനയുടെ അഞ്ച് ശതമാനം മാത്രമാണ്.

മിൽമ പാൽ വില വർദ്ധിപ്പിച്ചത് താൻ അറിഞ്ഞിട്ടില്ലെന്ന് മന്ത്രി ചിഞ്ചു റാണി. ഇക്കാര്യത്തിൽ വിശദീകരണം തേടും. വില വർദ്ധിപ്പിക്കേണ്ട സാഹചര്യമില്ല. വില വർധനവിന്റെ ഗുണം കർഷകർക്ക് ലഭിക്കില്ല. വില കൂട്ടിയത് പാൽ വാങ്ങിയ ശേഷം ചില്ലറ കൊടുക്കാൻ കഴിയാത്തത് കൊണ്ടാണോ എന്നറിയില്ല. വില കൂട്ടാനുള്ള അധികാരം മിൽമക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം പാൽ വില വർദ്ധന അനിവാര്യമായിരുന്നുവെന്ന് മിൽമ ചെയർമാൻ കെ എസ് മണി. മുമ്പ് പാൽവില 6 രൂപ കൂട്ടിയപ്പോൾ ഡബിൾ ടോൻഡ് പാലിന് 4 രൂപമാത്രമാണ് കൂട്ടിയത്. വേനൽകാലമായതിനാൽ പുറത്തുനിന്ന് പാൽ വാങ്ങേണ്ട സാഹചര്യമാണ്. നഷ്ടമുണ്ടാകാതിരിക്കാൻ വില കൂട്ടേണ്ട സാഹചര്യമെന്ന് കെ എസ് മണി പറഞ്ഞു.

വില വർദ്ധന മന്ത്രിയെ മുൻകൂട്ടി അറിയിച്ചിട്ടില്ല. ഇന്നലെ ചേർന്ന ബോർഡ് യോഗമാണ് തീരുമാനമെടുത്തത്. ഔദ്യോഗിക തിരക്കുകൾ ഉള്ളതിനാൽ മന്ത്രിയെ അറിയിക്കാൻ കഴിഞ്ഞില്ല. വില വർദ്ധിപ്പിക്കാൻ മിൽമയ്ക്ക് അധികാരമുണ്ട്. വില വർദ്ധിപ്പിക്കേണ്ട സാഹചര്യം മന്ത്രിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here