ഹൈദരാബാദിൽ രോഗിയുടെ ഇടതുകാലിന് പകരം ആരോഗ്യമുള്ള വലതുകാലിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു. ഹൈദരാബാദിലെ ഓർത്തോപീഡിഷ്യൻ കരൺ എം പാട്ടീലിന്റെ ലൈസൻസാണ് മെഡിക്കൽ കൗൺസിൽ സസ്‌പെൻഡ് ചെയ്തത്. ഇടതുകാലിന് പകരം രോഗിയുടെ വലതുകാലിലാണ് ഡോക്ടർ ശസ്ത്രക്രിയ നടത്തിയത്. പിഴവ് ബോധ്യപ്പെട്ടതിനെ തുടർന്ന് ഡോക്ടർമാർ ഇടതുകാലിൽ വീണ്ടും ശസ്ത്രക്രിയ നടത്തി.
രോഗിയും ബന്ധുക്കളും ജില്ലാ മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർക്ക് (ഡിഎംഎച്ച്ഒ) പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡോക്ടർ അനാസ്ഥ കാണിച്ചതായി മെഡിക്കൽ കൗൺസിൽ കണ്ടെത്തി. ഡോക്ടറുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് കൗൺസിൽ ചെയർമാൻ വി.രാജലിംഗം വ്യാഴാഴ്ച പുറത്തിറക്കി.
മറ്റൊരു കേസിൽ ഡെങ്കിപ്പനി രോഗിയെ മെച്ചപ്പെട്ട ആശുപത്രിയിലേക്ക് റഫർ ചെയ്യാത്തതിന്റെ പേരിൽ മഞ്ചേരിയൽ ജില്ലയിലെ സ്വകാര്യ ഡോക്ടറുടെ ലൈസൻസ് മെഡിക്കൽ കൗൺസിൽ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. രോഗിയുടെ കുടുംബാംഗങ്ങൾ ജില്ലാ കളക്ടർക്ക് പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡോക്ടർ സി.എച്ച്. ശ്രീകാന്ത് മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് യഥാസമയം രോഗിയെ റഫർ ചെയ്യാത്തതാണ് രോഗിയുടെ മരണത്തിൽ കലാശിച്ചത് എന്ന് കണ്ടെത്തുകയായിരുന്നു.
ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കൗൺസിൽ അന്വേഷണം നടത്തുകയും ഡോക്ടറുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. രണ്ട് ഡോക്ടർമാരോടും സർട്ടിഫിക്കറ്റുകൾ കൗൺസിലിന് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, സസ്‌പെൻഷനെതിരെ 60 ദിവസത്തിനുള്ളിൽ ഡോക്ടർമാർക്ക് അപ്പീൽ നൽകാൻ അവകാശമുണ്ട്.