ഒട്ടുരുളിയില്‍ നിറച്ചുവച്ച ഫല -ധാന്യങ്ങള്‍, കത്തിച്ചുവെച്ച നിലവിളക്ക്, കോടിമുണ്ട്, കണിവെള്ളരി, കണിക്കൊന്ന, കൈനീട്ടം മാറ്റങ്ങളെതുമില്ലാതെ മലയാളികള്‍ മറ്റൊരു വിഷുദിനത്തെ കൂടി വരവേറ്റു. സമ്പദ് സമൃദ്ധിയുടെ നല്ല നാളുകളാണ് വരാനിരിക്കുന്നതെന്ന പ്രതീക്ഷയോടെ ലോകമലയാളികള്‍ വിഷു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.
വിഷുപ്പുലരിയില്‍ ഉറക്കം തെളിഞ്ഞ് എത്തുന്നത് വിഷുക്കണിക്ക് മുന്നിലേക്കാണ്. കണിക്കൊന്ന വിഷുക്കണിയില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ്. വിഷുക്കണി കണ്ടു കൊണ്ടാണ് ഓരോരുത്തരുടെയും വിഷു ദിനം ആരംഭിക്കുക.
വിഷുക്കണിയുടെ ഐശ്വര്യവും സമൃദ്ധിയും ഒരു വര്‍ഷം മുഴുവന്‍ കൂടെയുണ്ടാകുമെന്നാണ് വിശ്വാസം. സൂര്യന്‍ മീനം രാശിവിട്ട് മേടം രാശിയിലേക്ക് പ്രവേശിക്കുന്ന സമയമാണിത്. കേരളത്തിലെ കര്‍ഷകര്‍ക്ക് അടുത്ത വാര്‍ഷിക വിളകള്‍ക്കുള്ള തയാറെടുപ്പിന്റെ കാലം കൂടിയാണ് വിഷു.
വിഷുപ്പുലരിയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്കാണ്. രാവിലെ 2:45 മുതല്‍ 3:45 വരെ ആയിരുന്നു വിഷുക്കണി ദര്‍ശനം. ശബരിമലയില്‍ വിഷുക്കണി കാണാന്‍ ഭക്തരുടെ തിരക്ക്. പുലര്‍ച്ചെ നാല് മണിയ്ക്ക് നട തുറന്നു.ഏഴ് മണി വരെയാണ് വിഷുക്കണികാണാന്‍ അവസരം ഉള്ളത്.
കേരളത്തില്‍ വിഷു ആഘോഷിക്കുമ്പോള്‍ സമാനമായ ആഘോഷങ്ങള്‍ ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും നടക്കാറുണ്ട്. ബിഹാറിലെ ആഘോഷത്തിന് ബൈഹാഗ് എന്നാണ് പറയുക. പഞ്ചാബില്‍ വൈശാഖിയും തമിഴ്നാട്ടില്‍ പുത്താണ്ടും ആഘോഷിക്കുന്നു. കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും ഇത് ഉഗാദി എന്ന ആഘോഷമാണ്.