മൊഹാലി: ഐപിഎല്ലില്‍ ആവേശം അവസാന ഓവര്‍ വരെ അവേശം നീണ്ട മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സിന് ജയം. പഞ്ചാബ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനില്‍ക്കെയാണ് ഗുജറാത്ത് മറകടന്നത്.സാം കറന്‍ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ ഏഴു റണ്‍സ് വേണമെന്നിരിക്കേ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായെങ്കിലും അഞ്ചാം പന്തില്‍ ബൗണ്ടറി നേടി രാഹുല്‍ തെവാത്തിയ ഗുജറാത്തിനെ വിജയത്തിലെത്തിച്ചു.
സീസണിലെ ഗുജറാത്തിന്റെ മൂന്നാം ജയമാണിത്. പഞ്ചാബിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയും. അര്‍ധ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിനായി തിളങ്ങിയത്. 49 പന്തുകള്‍ നേരിട്ട ഗില്‍ ഒരു സിക്‌സും ഏഴ് ഫോറുമടക്കം 67 റണ്‍സെടുത്തു. 19 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയും ഗുജറാത്തിനായി മികച്ച പ്രകടനം പുറത്തെടുത്തു.സായ് സുദര്‍ശന്‍ (19), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (8) എന്നിവരെ പെട്ടെന്ന് നഷ്ടമായെങ്കിലും ഗില്ലും ഡേവിഡ് മില്ലറും ചേര്‍ന്ന് ഗുജറാത്തിനെ മുന്നോട്ടുനയിച്ചു. മില്ലര്‍ 18 പന്തില്‍ നിന്ന് 17 റണ്‍സുമായി പുറത്താകാതെ നിന്നു.