ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ മുതലയോട് പൊരുതി ഭാര്യ

0
75

നമ്മള്‍ സ്‌നേഹിക്കുന്നവര്‍ക്ക് എന്തെങ്കിലും അപകടം ഉണ്ടായാല്‍ സ്വന്തം ജീവന്‍ വരെ പണയം വെച്ച് അവരെ രക്ഷിച്ചവരെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്. അതുപോലൊരു സ്ത്രീയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. കൈയിലുണ്ടായിരുന്ന ചെറിയൊരു വടി ഉപയോഗിച്ച് അപകടകാരിയായ ഒരു മുതലയില്‍ നിന്ന് തന്റെ ഭര്‍ത്താവിനെ രക്ഷിച്ചിരിക്കുകയാണ് ഒരു യുവതി.

രാജസ്ഥാനിലെ കരൗലിയിലെ കൈംകാച്ച് ഗ്രാമത്തിലാണ് സംഭവം നടന്നത്. 26കാരനായ ബാനെ സിംഗ് തന്റെ ആടിന് വെള്ളം കൊടുക്കാന്‍ ചമ്പല്‍ നദിയിലേക്ക് പോയപ്പോഴായിരുന്നു അപകടം. നദിക്ക് സമീപം പതിയിരുന്ന മുതല അയാളുടെ കാലില്‍ കടിക്കുകയായിരുന്നു. ഇയാളുടെ സമീപത്ത് തന്നെ ഉണ്ടായിരുന്ന ഭാര്യ വിമല്‍ ഭായി ഒരു വടികൊണ്ട് മുതലയെ നേരിട്ടു.

അവര്‍ വടികൊണ്ട് മുതലയെ തല്ലിയും മറ്റും ഭര്‍ത്താവിനെ മുതലയുടെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മുതല അപ്പോഴേക്കും അയാളെയും കൊണ്ട് വെള്ളത്തിലേക്ക് ഇറങ്ങിയിരുന്നു. ഇത് കണ്ട് ഉടനെ വിമല്‍ ബായി വടിയെടുത്ത് മുതലയുടെ കണ്ണില്‍ കുത്തി. അതോടെ മുതല അയാളെ ഉപേക്ഷിച്ച് വെള്ളത്തിലേക്ക് ഇറങ്ങി പോവുകയായിരുന്നു.

 

അയാള്‍ക്ക് ചെറിയതായി പരിക്കേറ്റു. താന്‍ ജീവനോടെ രക്ഷപ്പെട്ടതിന് ബാനെ സിംഗ് ഭാര്യയ്ക്ക് നന്ദി പറയുകയും ചെയ്തു. വിമല്‍ ബായിയുടെ പെട്ടെന്നുള്ള പ്രവൃത്തിയും ധൈര്യവുമാണ് ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിച്ചത്. 15 മിനിറ്റ് നീണ്ട ശ്രമത്തിനൊടുവിലാണ് ഭര്‍ത്താവിനെ മുതലയുടെ പിടിയില്‍ നിന്ന് രക്ഷിക്കാനായത്. തന്റെ ഭാര്യയുടെ ഈ ധൈര്യമാണ് തന്റെ ജീവന്‍ രക്ഷിച്ചതെന്ന് ബാനെ സിംഗ് പറഞ്ഞു.

‘തന്റെ ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ തന്നെ കൊണ്ട് കഴിയുന്നതെല്ലാം ചെയ്യും. വേണമെങ്കില്‍ അതിന് വേണ്ടി തന്റെ ജീവന്‍ തന്നെ നല്‍കാനും തയ്യാറാണ്’ വിമല്‍ ബായ് പറഞ്ഞു. ‘ഞാന്‍ എന്റെ ജീവനെക്കുറിച്ചല്ല ചിന്തിച്ചത്, എന്റെ ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കുന്നതിനെക്കുറിച്ച് മാത്രമാണ് ഞാന്‍ ചിന്തിച്ചത്. എന്റെ ഭര്‍ത്താവിന്റെ ജീവന്‍ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് ഞാന്‍ കരുതി,” ട്വിറ്ററില്‍ പങ്കുവെച്ച ഒരു ക്ലിപ്പില്‍ വിമയ് ബായി പറഞ്ഞു.

സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇവരുടെ ധീരതയെ അഭിനന്ദിക്കുകയും ഈ പ്രവൃത്തിക്ക് അംഗീകാരം നല്‍കണമെന്നും ആവശ്യപ്പെടുകയും ചെയ്തു. നിങ്ങളുടെ ധീരതയ്ക്ക് സല്യൂട്ട് എന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചത്. ബഹുമാനം അര്‍ഹിക്കുന്ന പ്രവൃത്തി എന്നാണ് മറ്റൊരു ഉപയോക്താവ് കുറിച്ചത്.

അവര്‍ക്ക് ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കി അവരെ ആദരിക്കണം എന്നായിരുന്നു മറ്റൊരു ട്വീറ്റ്. മുതല കടിച്ച് പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ബാനെ സിംഗിനെ മന്ദ്രയാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി, എന്നാല്‍ പരിക്കുകളുടെ തീവ്രത കാരണം കരൗളിയിലേക്ക് റഫര്‍ ചെയ്തു. അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്.

നേരത്തെ മധ്യപ്രദേശിലെ ഗ്രാമവാസികള്‍ നദിയില്‍ കുളിക്കുകയായിരുന്ന 10 വയസ്സുകാരനെ വിഴുങ്ങിയെന്നു പറഞ്ഞ് മുതലയെ പിടികൂടിയിരുന്നു. മധ്യപ്രദേശിലെഷിയോപൂര്‍ ജില്ലയിലാണ് സംഭവം. എന്നാല്‍ പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മുതലയെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ മൃതദേഹം പുഴയില്‍ നിന്ന് ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here