ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെയും, വൻകിട പദ്ധതികളുടെ മറവിൽ നിസ്സഹായരായിത്തീരുന്ന ഒരു ജനതയുടെ അനുഭവങ്ങളുടെ നേർക്കാഴ്ചകളുമായി ‘നായകൻ പ്രിഥ്വി’. വൈശാലി പ്രൊഡക്ഷൻസിന്റെ ബാനറിൽ വി.ബി. മാത്യു നിർമ്മിച്ച് പ്രസാദ് ജി. എഡ്വേർഡ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീകുമാർ ആർ. നായർ, അഞ്ജലി പി. കുമാർ എന്നിവരാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മലയോര ഹൈവേ പദ്ധതിയുമായി ബന്ധപ്പെട്ട് കുയിലുമലയിലെത്തുന്ന സ്പെഷ്യൽ തഹസിൽദാർ രതീഷാണ് കഥയിലെ കേന്ദ്രബിന്ദു. പദ്ധതിക്കെതിരെ സമരസമിതി നേതാവിനെ കാണാൻ ശ്രമിക്കുന്നതും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളിലൂടെയുമാണ് കഥ വികസിക്കുന്നത്. മെയ് മാസത്തിലാണ് ‘നായകൻ പ്രിഥ്വി’ എന്ന സിനിമയുടെ പ്രദർശനം ആരംഭിക്കുക. ക്രൗഡ് ഫണ്ടിംഗ് വഴി സ്വരൂപിച്ച പണം കൊണ്ടുള്ള ചിത്രത്തിൽ ക്യാമറയ്ക്കു മുന്നിലോ പിന്നിലോ ഉള്ളവർ പ്രതിഫലം പറ്റാതെയാണ് വളരെ ചുരുങ്ങിയ ബജറ്റിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.
പ്രിയ ബാലൻ, പ്രണവ് മോഹൻ, പെനീഷ് യേശുദാസ്, രാകേഷ് കൊഞ്ചിറ, ഡോ. നിധിന്യ, ബിജു പൊഴിയൂർ, ഷൈജു, സുകന്യ ഹരിദാസൻ, പുളിയനം പൗലോസ്, ആരോമൽ എസ്, ശ്രീഭദ്ര ജി വർമ്മ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം അരുൺ ടി. ശശി, സംഗീത സംവിധാനം സതീഷ് രാമചന്ദ്രൻ, ഗാനങ്ങൾ ബി.ടി അനിൽകുമാർ , ചിത്രസംയോജനം ആര്യൻ ജെ, ചീഫ് അസോസിയേറ്റ് സന്ദീപ് അജിത് കുമാർ, അസോസിയേറ്റ് ഡയറക്ടർ ഷിജി വെമ്പായം, ഗ്രീഷ്മ മുരളി, പശ്ചാത്തല സംഗീതം വിശ്വജിത്ത് സി.ടി, ചമയം സന്തോഷ് വെൺപകൽ,കല സനൽ ഗോപിനാഥ്, മനോജ് ഗ്രീൻ വുഡ്, നിശ്ചലഛായാഗ്രഹണം ആഷിശ് പുതുപറമ്പിൽ, പ്രൊഡക്ഷൻ കൺട്രോളർ ഹസ്മീർ നേമം.