കൊച്ചി: ആറാം ക്ലാസ് വിദ്യാർഥിനിയുടെ പുറത്തടിച്ചെന്ന പരാതിയിൽ KSRTC ഡ്രൈവറെ സസ്പെൻഡ് ചെയ്തു. പറവൂർ ഡിപ്പോയിലെ ഡ്രൈവർ ആന്‍റണി വി സെബാസ്റ്റ്യനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാനായി പറവൂർ കെഎസ്ആർടിസി ഡിപ്പോയിലെത്തിയ വിദ്യാർഥിനിയെയാണ് ആന്‍റണി സെബാസ്റ്റ്യൻ ഉപദ്രവിച്ചത്.
ചാത്തനാട്ടേക്കുള്ള ബസിൽ കയറുന്നതിനിടെയാണ് ഇയാൾ പെൺകുട്ടിയുടെ പുറത്ത് അടിച്ചത്. ഇതേത്തുടർന്ന് പെൺകുട്ടിയുടെ അമ്മ പരാതി നൽകുകയായിരുന്നു. ആന്‍റണി സെബാസ്റ്റ്യൻ സ്ഥിരമായി ഇത്തരത്തിൽ പെരുമാറാറുണ്ടെന്ന് ഡിപ്പോയിലെത്തുന്ന യാത്രക്കാർ പറഞ്ഞു.
പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ കെഎസ്ആർടിസി വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ പ്രഥമദൃഷ്ട്യാ ആന്‍റണി സെബാസ്റ്റ്യൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇയാളെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. മര്യാദയില്ലാതെയാണ് ഡ്രൈവർ പെരുമാറിയതെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഗുരുതരമായ കൃത്യവിലോപവും അച്ചടക്കലംഘനവും സ്വഭാവദൂഷ്യവുമാണ് ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.