ന്യൂഡല്‍ഹി: സി.പി.എം മുന്‍ കേന്ദ്ര കമ്മിറ്റിയംഗവും അഖിലേന്ത്യ കര്‍ഷക തൊഴിലാളി യൂനിയന്‍ നേതാവുമായിരുന്ന സുനീത് ചോപ്ര (81) നിര്യാതനായി.
കലാനിരൂപകനും കവിയുമായിരുന്നു. 1941ല്‍ ലാഹോറില്‍ ജനിച്ച ചോപ്ര ഡല്‍ഹിയിലും കൊല്‍കത്തയിലുമായുള്ള വിദ്യാഭ്യാസ ശേഷം ഉപരിപഠനത്തിനായി ലണ്ടന്‍ സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസിലേക്ക് പോയി. വിദ്യാര്‍ഥിയാകുമ്ബോള്‍തന്നെ രാഷ്ട്രീയത്തില്‍ സജീവമായി.
പഠനശേഷം ഫലസ്തീനിലേക്ക് പോയി അവിടുത്തെ വിമോചന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു. പിന്നീട് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ചേര്‍ന്നു. ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവായിരുന്നു. 1980ല്‍ ഡി.വൈ.എഫ്.ഐ രൂപവത്കരിച്ചപ്പോള്‍ ആദ്യ ട്രഷറര്‍ ആയി. 1995ലാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ എത്തിയത്. കര്‍ഷക തൊഴിലാളി യൂനിയന്‍ ജോയന്‍റ് സെക്രട്ടറിയുമായിരുന്നു.
പ്രശസ്ത കലാനിരൂപകനായ സുനീത് ചോപ്രയുടെ ലേഖനങ്ങളും പംക്തികളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ബുധനാഴ്ച നടക്കാനിരിക്കുന്ന കര്‍ഷക റാലിക്ക് മുന്നോടിയായി ന്യൂഡല്‍ഹി അഖിലേന്ത്യ കര്‍ഷക തൊഴിലാളി യൂനിയന്‍ ഓഫിസിലേക്ക് വരുമ്ബോള്‍ കുഴഞ്ഞുവീഴുകയായിരുന്നെന്നാണ് വിവരം.