മലേഷ്യയില്‍ പഫര്‍ മത്സ്യം പാകം ചെയ്ത് കഴിച്ച 83കാരി മരിച്ചു. ഭര്‍ത്താവ് അബോധാവസ്ഥയില്‍. മലേഷ്യയിലെ കാംപുങ് ചമേക്കില്‍ താമസിച്ചിരുന്ന ലിം സിയു ഗുവാനും അവരുടെ ഭര്‍ത്താവിനുമാണ് അപകടം സംഭവിച്ചത്.
അവരുടെ ഗ്രാമത്തില്‍ പതിവായി മല്‍സ്യവില്പനയ്ക്ക് എത്തുന്ന ആളില്‍ നിന്നാണ് അന്നും മല്‍സ്യം വാങ്ങിയത്. എന്നാല്‍ അന്ന് വാങ്ങിയത് പഫര്‍ മത്സ്യമായിരുന്നു. അതിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് അറിവില്ലാതിരുന്നതാകാം ഈ അപകടത്തിന് കാരണമായതെന്ന് മകള്‍ എന്‍ജി എയ് ലീ പറഞ്ഞു.
ലിം സിയു ഗുവാന്‍ ഉച്ചഭക്ഷണത്തിനായി മീന്‍ കറി വച്ചു. അത് കഴിച്ചയുടനെ അവര്‍ക്ക് ശ്വാസതടസ്സവും വിറയലും അനുഭവപ്പെട്ടു തുടങ്ങി. പിന്നാലെ ഭര്‍ത്താവിനും സമാനമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായി.
“എന്റെ മാതാപിതാക്കള്‍ വര്‍ഷങ്ങളായി ഒരേ മത്സ്യ കച്ചവടക്കാരനില്‍ നിന്നാണ് മത്സ്യം വാങ്ങുന്നത്, അതിനാല്‍ അച്ഛന്‍ രണ്ടാമതൊന്നും ചിന്തിച്ചിരിക്കില്ല. അദേഹം അറിഞ്ഞുകൊണ്ട് മാരകമായ എന്തെങ്കിലും വാങ്ങി കഴിച്ച് അവരുടെ ജീവന്‍ അപകടത്തിലാക്കില്ല, “ലീ പറഞ്ഞു.
മക്കളായ ലീയും സഹോദരനും ക്വാലാലംപൂരിലാണ് താമസിക്കുന്നത്. വിവരം അറിഞ്ഞ ഇരുവരും ഉടന്‍ തന്നെ അവിടെ നിന്ന് പുറപ്പെട്ടെങ്കിലും അമ്മയുടെ മരണവാര്‍ത്ത വഴിമധ്യേ മറ്റൊരു ജ്യേഷ്ഠന്‍ അറിയിക്കുകയായിരുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പഫര്‍ മത്സ്യത്തിന്റെ വില്‍പ്പന നിയന്ത്രിക്കണമെന്ന് ലീ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
പഫര്‍ മത്സ്യത്തില്‍ അടങ്ങിയിട്ടുള്ള വിഷാംശം മൂലമാണ് ഗ്വാന്‍ മരിച്ചതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇത് ഭക്ഷ്യവിഷബാധയ്ക്കും തുടര്‍ന്ന് നാഡീവ്യവസ്ഥയുടെയും ശ്വാസതടസ്സത്തിനും ക്രമരഹിതമായ ഹൃദയമിടിപ്പിനുംകാരണമായതായി റിപോര്‍ട്ടുകള്‍ പറയുന്നു.
ലീയുടെ അച്ഛന്‍ ഇപ്പോഴും കോമയിലാണ്. “എന്റെ മാതാപിതാക്കളുടെ അനുഭവത്തിലൂടെ വിഷാംശങ്ങളുള്ള ഇത്തരം മത്സ്യങ്ങളോ ഭക്ഷണമോ കഴിക്കുന്നതിലെ അപകടത്തെ കുറിച്ച് പൊതുജനങ്ങള്‍ കൂടുതല്‍ അവബോധമുള്ളവരാകുമെന്ന് പ്രതീക്ഷിക്കുന്നു. ആളുകള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞുകൊണ്ട് തന്നെ പഫര്‍ മത്സ്യം കഴിക്കുന്നുവെന്നത് നിരാശാജനകമാണ്, “ലീ കൂട്ടിച്ചേര്‍ത്തു.