കശ്മീരിലെ ചെനാബ് പാലം ഉദ്ഘാടനം അടുത്ത ജനുവരിയിലെന്ന് റെയില്‍വേ മന്ത്രി

0
103

ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ചെനാബ് പാലം അടുത്ത വര്‍ഷം ജനുവരിയോടെ തുറന്നു കൊടുക്കാനാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.

സിഎന്‍എന്‍-ന്യൂസ് 18 നിലെ ആകാശ് ശര്‍മക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് റെയില്‍വേ മന്ത്രി ഇക്കാര്യം അറിയിച്ചത്. ജമ്മുകശ്മീരിലെ ചെനാബ് നദിയ്‌ക്ക് കുറുകെയാണ് പാലം നിര്‍മിച്ചിരിക്കുന്നത്.

കശ്മീര്‍ താഴ്‌വരയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി റെയില്‍ മാര്‍ഗം ബന്ധിപ്പിക്കുന്നതിനാല്‍ തന്ത്രപരമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്ന പാലം കൂടിയാണിത്. 1,315 മീറ്റര്‍ നീളമുള്ള ചെനാബ് പാലത്തിന്റെ ഉയരം 359 മീറ്ററാണ്. ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ബക്കലിനെയും കൗരിയെയും ബന്ധിപ്പിക്കുന്ന ചെനാബ് നദിക്ക് മുകളിലൂടെയാണ് പാലം നിര്‍മിച്ചിരിക്കുന്നത്. പാലത്തിന്റെ അവസാന ജോയിന്റായ ഗോള്‍ഡന്‍ ജോയിന്റിന്റെ നിര്‍മാണം 2022-ല്‍ പൂര്‍ത്തിയായിരുന്നു. ട്രാക്ക് സ്ഥാപിച്ച്‌, റെയില്‍ മന്ത്രി അശ്വനി വൈഷ്ണവിന്റെ സാന്നിധ്യത്തില്‍ ആദ്യമായി ഇവിടെ വെഹിക്കിള്‍ ട്രയല്‍ നടത്തുകയും ചെയ്തു.

”പാലത്തിന്റെ അടിത്തറക്കു മാത്രം ഒരു ഫുട്ബോള്‍ മൈതാനത്തിന്റെ പകുതിയിലധികം വലിപ്പമുണ്ട്. അതിസങ്കീര്‍ണമായ ഒരു എഞ്ചിനീയറിംഗ് പദ്ധതിയാണ് ഇത്. റിക്ടര്‍ സ്‌കെയിലില്‍ 8 തീവ്രതയുള്ള ഭൂകമ്ബത്തെ പോലും ഈ പാലത്തിന് ചെറുക്കാന്‍ സാധിക്കും”, അശ്വനി വൈഷ്ണവ് പറഞ്ഞു. സൈറ്റിലെ എഞ്ചിനീയര്‍മാരെയും തൊഴിലാളികളെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

പാലം പ്രവര്‍ത്തനക്ഷമമാകുന്നതോടെ കശ്മീര്‍ താഴ്‌വരയെ ജമ്മുവിലേക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും റെയില്‍ വഴി ബന്ധിപ്പിക്കും. യാത്രാ സമയം കുറയുന്നതിനാല്‍ കശ്മീര്‍ താഴ്‌വരയിലെ ബിസിനസുകള്‍ക്കും പാലം ഏറെ ഉപകാരപ്രദമാകുമെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു. സൈനിക നീക്കത്തിലും ഈ ലൈന്‍ സുപ്രധാന പങ്ക് വഹിക്കും. ഇതുവരെ റോഡ് ലിങ്കുകളെ ആശ്രയിച്ചാണ് പ്രധാനമായും സൈനിക നീക്കം നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here