കുനോയിലെത്തിച്ച നമീബിയൻ ചീറ്റ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി

0
43

മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ എത്തിച്ച നമീബിയൻ ചീറ്റപ്പുലികളിലൊന്ന് നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. വിവരം സ്ഥിരീകരിച്ച കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചു. ചീറ്റപ്പുലികളിൽ ഒന്നായ സാഷ വൃക്കരോഗം ബാധിച്ച് മരിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് ഈ പുതിയ വാർത്ത പുറത്തുവരുന്നത്.

സാഷയെയും മറ്റ് ചീറ്റകളെയും ആഫ്രിക്കൻ രാജ്യത്ത് നിന്ന് മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്ക് മാറ്റിയത് കഴിഞ്ഞ വർഷമാണ്. വംശനാശം സംഭവിച്ച് ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം ലോകത്തിലെ ഏറ്റവും വേഗതയേറിയ കര മൃഗമായ ചീറ്റയുടെ ഇന്ത്യയിലെ ജനസംഖ്യയെ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ‘പ്രൊജക്‌ട് ചീറ്റ’ എന്ന പദ്ധതിക്ക് സാഷയുടെ മരണം തിരിച്ചടിയായിരുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബർ പകുതിയോടെയാണ് നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ കൊണ്ടുവന്ന് ഷിയോപൂർ ജില്ലയിലെ കെഎൻപിയിൽ പാർപ്പിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിൽ നിന്ന് കുനോയിലേക്ക് കൊണ്ടുവന്ന 12 ചീറ്റകൾ ഇപ്പോൾ ഒരു ക്വാറന്റൈനിൽ കഴിയുകയാണെന്നും അവ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ഒരു ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.

അതേസമയം, കഴിഞ്ഞ വർഷം സെപ്റ്റംബർ 17നാണ് കുനോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഒരു പരിപാടിയിൽ എട്ട് നമീബിയൻ ചീറ്റകളെ (അഞ്ച് പെണ്ണും മൂന്ന് ആണും) തുറന്നുവിട്ടത്. 1947ൽ ഇന്നത്തെ ഛത്തീസ്‌ഗഡിലെ കൊരിയ ജില്ലയിലാണ് അവസാനത്തെ ഇന്ത്യൻ ചീറ്റ ചത്തത്. പിന്നീട് 1952ൽ രാജ്യത്ത് ഇവ വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here