ബ്രഹ്‌മപുരത്ത് വീണ്ടും തീപിടിത്തം, പുക വ്യാപിക്കുന്നു;

0
96

കൊച്ചി ബ്രഹ്‌മപുരം മാലിന്യസംസ്‌കരണ പ്ലാന്റില്‍ വീണ്ടും തീപിടിത്തം. പ്ലാന്റിലെ സെക്ടര്‍ ഏഴിലാണ് തീ പടര്‍ന്നത്. ബ്രഹ്‌മപുരത്ത് തുടര്‍ന്നിരുന്ന രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റിന് പുറമെ ഒരു യൂണിറ്റ് കൂടി സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. പ്രദേശത്ത് പുക വ്യാപിക്കുന്നതില്‍ ആശങ്കയിലാണ് പരിസരവാസികള്‍.

കഴിഞ്ഞ തവണ തീപിടിത്തമുണ്ടായപ്പോള്‍ ഏറ്റവും അവസാനം തീയണച്ചത് സെക്ടര്‍ ഏഴിലാണ്. ഇതേ സ്ഥലത്താണ് ഇന്ന് തീ പടര്‍ന്നത്. തീ മാലിന്യക്കൂമ്പാരത്തിന്റെ അടിത്തട്ടിലേക്ക് വ്യാപിക്കാതിരിക്കാന്‍ കടുത്ത ജാഗ്രതയിലാണ് അധികൃതര്‍. ഇത് തടയാന്‍ മണ്ണുമാന്തി യന്ത്രം  ഉപയോഗിച്ച് മാലിന്യം ഇളക്കി വെള്ളമൊഴിക്കുകയാണ്. ഇരുട്ട് വീഴും മുമ്പ് തീ പൂര്‍ണമായും അണയ്ക്കാനാണ് ശ്രമം.

ഇതിന് മുമ്പ് മാര്‍ച്ച് രണ്ടിനാണ് ബ്രഹ്‌മപുരത്ത് തീപിടിത്തം ഉണ്ടായത്. 13ന് ആണ് തീ പൂര്‍ണമായും അണയ്ക്കാനായത്. ഇതിന് പിന്നാലെ കൊച്ചി കോര്‍പറേഷന് ദേശീയ ഹരിത ട്രൈബ്യൂണല്‍ 100 കോടി രൂപ പിഴ ചുമത്തിയിരുന്നു. തുക കേരള ചീഫ് സെക്രട്ടറിക്ക് അടയ്ക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. തീപിടുത്തത്തിന്റെ ഇരകളുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റു പരിഹാര നടപടികള്‍ക്ക് ഉപയോഗിക്കണം. വിഷയത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ഹരിത ട്രൈബ്യൂണല്‍ ഉത്തരവില്‍ പറയുന്നു.

മാരകമായ അളവില്‍ വായുവിലും പരിസരത്തെ ചതുപ്പിലും വിഷപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയെന്ന് പറഞ്ഞ ട്രൈബ്യൂണല്‍ ഭാവിയില്‍ സുഖമമായി പ്രവര്‍ത്തിക്കുന മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കേരളത്തില്‍ പ്രത്യേകിച്ച് കൊച്ചിയില്‍ മാലിന്യ സംസ്‌കരണത്തില്‍ തുടര്‍ച്ചയായ വീഴ്ച്ച സംഭവിക്കുന്നുവെന്നും ഉത്തരവില്‍ വിമര്‍ശിച്ചിട്ടുണ്ട്.

അഡീഷണല്‍ ചീഫ് സെക്രട്ടറി വി വേണുവും ട്രൈബ്യൂണലിനു മുമ്പാകെ ഓണ്‍ലൈന്‍ വഴി ഹാജരായിരുന്നു. തീപ്പിടിത്തത്തിന്റെ ഏക ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്, ഇതില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. വേണ്ടി വന്നാല്‍ 500 കോടി രൂപയുടെ പിഴ സര്‍ക്കാരില്‍ നിന്ന് ഈടാക്കുമെന്നും ജസ്റ്റിസ് എകെ ഗോയല്‍ മുന്നറിയിപ്പ് നല്‍കി. ബ്രഹ്‌മപുരത്ത് സ്വീകരിച്ച നടപടികളെ കുറിച്ചും ഭാവി പദ്ധതികളെ സംബന്ധിച്ചും വിശദമായ സത്യവാങ്മൂലം ട്രൈബ്യൂണലിന് സംസ്ഥാനം സമര്‍പ്പിച്ചിരുന്നു. കേരള ഹൈക്കോടതി സ്വമേധയാ എടുത്ത കേസുള്ളതിനാല്‍  മറ്റൊരു കേസ് ട്രൈബ്യൂണലിന്റെ ഭാഗത്തു നിന്നുമുണ്ടാകരുതെന്ന് സംസ്ഥാനം ആഭ്യര്‍ത്ഥിച്ചു.  ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായ ഇടപെടലുകള്‍ ഉണ്ടാകില്ലെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here