ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയെ കാണാൻ ജയിലിലെത്തി പെൺകുട്ടികൾ

0
54

ഗുണ്ടാനേതാവായ ലോറൻസ് ബിഷ്ണോയിയെ ജയിലിലെത്തി കാണാൻ ശ്രമിച്ച് പ്രായപൂർത്തിയാവാത്ത രണ്ട് പെൺകുട്ടികൾ. മാർച്ച് 16, ബുധനാഴ്ചയാണ് സംഭവം നടന്നത്. പഞ്ചാബ് പൊലീസാണ് ഇരുവരും ലോറൻസ് ബിഷ്ണോയിയെ കാണാൻ ഭട്ടിൻഡ സെൻട്രൽ ജയിലിലെത്തിയ കാര്യം അറിയിച്ചത്. ഇരുവരും ജയിലിന് മുന്നിലെത്തി സെൽഫിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഉടനെ തന്നെ ജയിൽ അധികൃതർ ഇരുവരേയും ജില്ലാ ശിശുസംരക്ഷണ വകുപ്പിന് കൈമാറുകയായിരുന്നു. പെൺകുട്ടികൾ രണ്ട് പേരും ജാർഖണ്ഡ് സ്വദേശികളാണ്. ഇരുവരും സുഹൃത്തുക്കളെ കാണിക്കാൻ വേണ്ടിയാണത്രെ ജയിലിന് പുറത്ത് വച്ച് സെൽഫി എടുത്തത്.

“രണ്ടുപേരും ജയിലിലെത്തുന്നതിന് മുമ്പ് വീട്ടിൽ നിന്നും ഇറങ്ങി ഒരു രാത്രി ഭട്ടിൻഡ റെയിൽവേ സ്റ്റേഷനിൽ ചെലവഴിച്ചു. പെൺകുട്ടികളെ ചോദ്യം ചെയ്തതിൽ നിന്നും മനസിലായത് സുഹൃത്തുക്കളെ കാണിക്കുന്നതിന് വേണ്ടിയാണ് ജയിലിന് പുറത്ത് വച്ച് ഇരുവരും സെൽഫി എടുത്തത് എന്നാണ്. മാത്രമല്ല, ഇരുവരും സോഷ്യൽ മീഡിയയിലൂടെ ​ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയെ അറിയുകയും അയാൾ അവരിൽ സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുണ്ട്. ബിഷ്ണോയി ഭട്ടിൻഡ ജയിലിലാണ്” ഭട്ടിൻഡയിലെ ശിശു സംരക്ഷണ വിഭാ​ഗം ഓഫീസർ രവ്നീത് കൗർ സിദ്ദു പറഞ്ഞു.

പെൺകുട്ടികളുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ട് എന്നും രണ്ട് പെൺകുട്ടികളെയും വൈദ്യപരിശോധനയ്ക്ക് ശേഷം സാഫി സെന്ററിലേക്ക് അയച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഗുർപ്രീത് സിംഗ് പറഞ്ഞു. “സംഭവത്തെ കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും അന്വേഷിച്ചു വരികയാണ്. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളുടെയും കുടുംബാംഗങ്ങളെ വിളിപ്പിച്ചിട്ടുണ്ട്. ഇരുവരെയും വൈദ്യപരിശോധനയ്ക്ക് ശേഷം സാഫി സെന്ററിലേക്ക് അയച്ചു. അന്വേഷണത്തിൽ എന്തെങ്കിലും കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കും” എന്നും ഗുർപ്രീത് സിംഗ് പറഞ്ഞിരുന്നു.

നവംബർ 23 -നാണ് ​ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയെ എൻഐഎ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here