രാജ്യത്തിൻറെ ദുരവസ്ഥ മെച്ചപ്പെടുത്തുന്നതിനായി ഹോളി ദിനത്തിൽ മുഴുവൻ സമയ പൂജ നടത്തുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. “ഹോളി ദിനത്തിൽ, രാജ്യത്തെ പരിതാപകരമായ അവസ്ഥ മെച്ചപ്പെടുത്താൻ ഞാൻ പ്രാർത്ഥിക്കും. പ്രധനമന്ത്രി നമ്മുടെ രാജ്യത്ത് ചെയ്യുന്നത് ശരിയല്ലെന്ന് നിങ്ങൾക്കും തോന്നുന്നുവെങ്കിൽ, ഹോളി ആഘോഷിച്ചതിന് ശേഷം നിങ്ങളും രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്ന്,” കെജ്രിവാൾ ട്വിറ്ററിലൂടെ പറഞ്ഞു.
രാജ്യം കൊള്ളയടിക്കുന്നവർ രക്ഷപ്പെടുമ്പോൾ രാജ്യത്തിനായി സേവനം ചെയ്യുന്നവർ അറസ്റ്റ് ചെയ്യപ്പെടുകയാണെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
തലസ്ഥാനത്തെ സർക്കാർ സ്കൂളുകളും ആശുപത്രികളും മോശമായ അവസ്ഥയിലായിരുന്നുവെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഈ സ്കൂളുകളും ആശുപത്രികളും മെച്ചപ്പെടുത്തിയ മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും ഇന്ന് ജയിലിലാണ്, കെജ്രിവാൾ പറഞ്ഞു.
“സിസോദിയയും ജെയിനും ജയിലിൽ കഴിയുന്നതിൽ എനിക്ക് ആശങ്കയില്ല . രാജ്യത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറായ ധീരന്മാരാണ് അവർ. എന്നാൽ രാജ്യത്തെ സ്ഥിതിഗതികൾ എന്നെ ആശങ്കപ്പെടുത്തുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 26ന് സിബിഐ അറസ്റ്റ് ചെയ്ത സിസോദിയയെ തിങ്കളാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം മേയിലാണ് ഇഡി ജെയിനിനെ അറസ്റ്റ് ചെയ്തത്.