കൊച്ചി: വാട്ടര്‍ അതോറിറ്റിയുടെ പമ്പ് തകരാറിലായതിനെ തുടര്‍ന്ന് കുടിവെള്ളക്ഷാമം നേരിട്ട കൊച്ചി കോര്‍പ്പറേഷനിലെയും മരട് നഗരസഭ, കുമ്പളം, കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളിലെയും ജലവിതരണം സാധാരണ നിലയിലായി. പാഴൂര്‍ പമ്പ് ഹൗസിലെ വാട്ടര്‍ അതോറിറ്റിയുടെ പമ്പിന്റെ തകരാര്‍ പരിഹരിച്ച് ജലവിതരണം പുനസ്ഥാപിച്ചതോടെയാണിത്. പശ്ചിമ കൊച്ചിയിലും കുടിവെള്ളമെത്തിയ സാഹചര്യത്തില്‍ കുടിവെള്ള വിതരണം ഏകോപിപ്പിക്കുന്നതിനായി ഫോര്‍ട്ട്കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം അവസാനിപ്പിച്ചു.
കുമ്പളം, കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളില്‍ വ്യാഴാഴ്ച കൂടി വാട്ടര്‍ അതോറിറ്റി ടാങ്കറുകളില്‍ കുടിവെള്ളം വിതരണം ചെയ്യും. വാട്ടര്‍ അതോറിറ്റിയുടെ മൂന്നാമത്തെ പമ്പും പുനസ്ഥാപിക്കുന്നതുവരെ ജാഗ്രത തുടരും. തമ്മനത്ത് പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് തടസപ്പെട്ട ജലവിതരണവും പുനസ്ഥാപിച്ചു. പൈപ്പിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ആലുവയില്‍ നിന്നുള്ള പമ്പിംഗും പുനരാരംഭിച്ചത്. ഇതോടെ കൊച്ചി നഗര പരിധിയിലെ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിനും പരിഹാരമായി.
ഫെബ്രുവരി 25 മുതല്‍ ഫോര്‍ട്ട്കൊച്ചി വെളി ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ചു വരുന്ന കണ്‍ട്രോള്‍ റൂമില്‍ നിന്ന് ആകെ 10,72,000 ലിറ്റര്‍ കുടിവെള്ളമാണ് ടാങ്കര്‍ ലോറികളില്‍ വിതരണം ചെയ്തത്. ബുധനാഴ്ച മാത്രം 1,72,000 ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്തു. വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച ആകെ 5,68,000 ലിറ്റര്‍ ജലമാണ് വിതരണം ചെയ്തത്. പശ്ചിമകൊച്ചിയില്‍ കുടിവെള്ളമെത്തിക്കുന്നതിന് 45000 ലിറ്ററിന്റെ നാലും 24000 ലിറ്ററിന്റെ ഒരു ടാങ്കറുമാണ് ഏര്‍പ്പെടുത്തിയത്. 15 ഫീഡര്‍ ടാങ്കറുകളിലേക്ക് ജലം പകര്‍ത്തിയാണ് വിതരണം ചെയ്തത്. ഇടറോഡുകളിലേക്ക് ജലമെത്തിക്കുന്നതിന് ചെറിയ ടാങ്കറുകളുടെ അഭാവം നേരിട്ടതിനെ തുടര്‍ന്ന് ടാങ്കറുകള്‍ പിടിച്ചെടുത്ത് കുടിവെള്ള വിതരണം നടത്താന്‍ ജില്ലാ കളക്ടര്‍ മോട്ടോര്‍ വാഹന വകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു. ടാങ്കറുകളുടെ ഡ്രൈവര്‍മാര്‍ കൊച്ചിയില്‍ ക്യാമ്പ് ചെയ്താണ് ജലവിതരണം നടത്തിയത്. മുവാറ്റുപുഴയാറില്‍ നിന്ന് മരട് ജലശുദ്ധീകരണശാലയിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പാഴൂര്‍ പമ്പ് ഹൗസിലെ മൂന്ന് പമ്പുകളില്‍ രണ്ടെണ്ണം തകരാറിലായതിനെ തുടര്‍ന്നാണ് കൊച്ചിയിലെയും പരിസരപ്രദേശത്തെയും കുടിവെള്ള വിതരണം പ്രതിസന്ധിയിലായത്. തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ നേതൃത്വത്തില്‍ കുടിവെള്ള വിതരണത്തിന് ബദല്‍ സംവിധാനങ്ങളൊരുക്കി. ഇതിന്റെ ഭാഗമായാണ് പശ്ചിമകൊച്ചിയില്‍ ഫോര്‍ട്ട്കൊച്ചി സബ്കളക്ടര്‍ പി. വിഷ്ണു രാജിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചത്. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ. ഉഷ ബിന്ദുമോള്‍ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നല്‍കി. ടാങ്കര്‍ ഉടമ അസോസിയേഷന്‍ ഭാരവാഹികളായ സക്കീര്‍ഹുസൈന്‍, സക്കീര്‍ ബാബു, രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ടാങ്കര്‍ ഉടമകളും ജില്ലാ ഭരണകൂടത്തിന്റെ നടപടികളുമായി സഹകരിച്ചു.