കുരുമുളകും, ഏലവും മാത്രമല്ല, സുഗന്ധവിളകളില്‍ ഒട്ടുമിക്കവയും ഉയര്‍ന്ന താപനിലയില്‍ കരിഞ്ഞ് ഉണങ്ങുന്നത് നോക്കിനില്‍ക്കാന്‍ മാത്രമേ നമുക്കാവു. ജലസേചന സൗകര്യത്തിനായി കുഴല്‍ കിണര്‍ അടക്കമുള്ളവ യുദ്ധകാല അടിസ്ഥാനത്തില്‍ സജ്ജമാക്കാന്‍ ഭരണകര്‍ത്താക്കള്‍ തയാറായില്ലെങ്കില്‍ 1981-82 കാലയളവില്‍ നമ്മള്‍ അഭിമുഖീകരിച്ച വരള്‍ച്ചയുടെ പതിന്‍മടങ്ങ് നമ്മുടെ കാര്‍ഷിക മേഖല നേരിടേണ്ടിവരും.
വിദേശത്ത്നിന്നും ആധുനിക കൃഷിരീതി പഠിക്കാമെങ്കിലും കൃഷിയുടെ അടിസ്ഥാന വശങ്ങള്‍ മനസിലാക്കാതെയുള്ള പരക്കം പാച്ചില്‍ ഒരിടത്തും നമ്മളെ എത്തിക്കില്ല. ഇന്ത്യ മഹാരാജ്യത്ത് 70 ശതമാനം കൃഷിയും മഴയെ ആശ്രയിച്ചാണ്. കേരളത്തില്‍ പണ്ടത്തെ കാലാവസ്ഥയില്‍ നിന്നും സ്ഥിതിഗതികള്‍ ഒത്തിരി മാറിമറിഞ്ഞു.
വിയറ്റ്നാം, ബ്രസീല്‍ പോലുള്ള രാജ്യങ്ങളുമായി അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ മത്സരിക്കാന്‍ കേരളത്തെ സജ്ജമാക്കണമെങ്കില്‍ നമ്മള്‍ നിലവിലുള്ള ട്രാക്കില്‍ നിന്നും മാറി സഞ്ചരിക്കേണ്ട സമയം അതിക്രമിച്ചു.
വിയറ്റ്നാം, ബ്രസീലയന്‍ കുരുമുളക് വരവില്‍ പിന്നിട്ടവാരം ഇന്ത്യന്‍ മുളകിന്‍റ്റ നടുവൊടിച്ചു. ഉല്‍പ്പന്ന വില ക്വിന്‍റ്റലിന് 700 രൂപ ഇടിഞ്ഞു. ആ രാജ്യങ്ങള്‍ക്ക് താഴ്ന്ന വിലയ്ക്ക് ഉല്‍പ്പന്നം വിറ്റഴിക്കാനാവുന്നത് അവരുടെ വിജയം. ഉല്‍പാദനം ഇവിടെയും ഉയര്‍ത്താനാവും, കര്‍ഷകരുടെ വരുമാനത്തിലും വര്‍ധനവ് സൃഷ്ടിക്കാം, പക്ഷേ കൃഷിക്ക് അടിസ്ഥാന ആവശ്യമായ ജലസേചനം ഉയര്‍ത്തുന്ന കാര്യത്തിലെങ്കിലും ഭരണ കര്‍ത്താക്കള്‍ കനിവ് കാണിക്കണം.
വിളവെടുപ്പ് പൂര്‍ത്തിയാക്കി ഏലം കര്‍ഷകര്‍ തോട്ടങ്ങളില്‍ നിന്നും അകന്നതിനിടയിലെ വിലക്കയറ്റം കണ്ട് അവര്‍ നെടുവീര്‍പ്പിടുകയാണ്. കൃഷി പണിയിലേയ്ക്ക് വൈകാതെ അവര്‍ വീണ്ടും വ്യാപൃതരാവും.
രാജ്യാന്തര വിപണിയില്‍ റബര്‍ അവധി നിരക്കുകള്‍ വീണ്ടും ഇടിഞ്ഞു. മാസാരംഭത്തില്‍ കിലോ 219 യെന്നില്‍ നീങ്ങിയ ജപ്പാന്‍ എക്സ്ചേഞ്ചില്‍ വില്‍പ്പന സമ്മര്‍ദത്തില്‍ 202 ലേയ്ക്ക് ഇടിഞ്ഞു. ഈ അവസരത്തില്‍ ഓപ്പറേറ്റര്‍മാര്‍ പുതിയ ബയിംഗിന് കാണിച്ച ഉത്സാഹം കണക്കിലെടുത്താല്‍ മാസാന്ത്യം 211 യെന്നിലേയ്ക്കും തുടര്‍ന്ന് 215 യെന്നിലേയ്ക്കും റബര്‍ ചുവട് വെക്കാം. സംസ്ഥാനത്ത് നാലാം ഗ്രേഡ് 14,300 ല്‍നിന്നും 14,100 ലേയ്ക്ക് തളര്‍ന്നു. അഞ്ചാം ഗ്രേഡ് 13,40013,900 രൂപയിലും വിപണനം നടന്നു.
ജാതിതോട്ടങ്ങളില്‍ കായ കുംഭചൂടില്‍ മൂത്ത് വിളയുന്നതേയുള്ളു. കുംഭം രണ്ടാം പകുതിയില്‍ വിളവെടുപ്പിനുള്ള നീക്കം തുടങ്ങും. സ്റ്റോക്കിസ്റ്റുകള്‍ ചരക്ക് വില്പനയ്ക്ക് ഇറക്കുന്നുണ്ട്. റംസാന്‍ മുന്നില്‍ കണ്ട് അറബ് രാജ്യങ്ങള്‍ ജാതിക്ക വിപണിയില്‍ താല്‍പര്യം കാണിച്ചു.
ചില മേഖലകളില്‍ ഉല്‍പാദനം അല്‍പ്പം കുറഞ്ഞതായാണ്വിവരമെങ്കിലും മധ്യകേരളത്തില്‍ വിളവ് വര്‍ധിച്ചിട്ടുണ്ട്. എന്തായാലും വിളവെടുപ്പിനോട് അനുബന്ധിച്ച് ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവും. ഉല്പന്ന വിലയില്‍ കാര്യമായ വ്യതിയാനാമില്ലാതെ ഇടപാടുകള്‍ നടന്നു. ഒൗഷധ-കറിമസാല വ്യവസായികള്‍ പുതിയ ചരക്ക് വരവിനെ ഉറ്റ്നോക്കുകയാണ്.