മാഡ്രിഡ്; സ്പെയില്‍ സൂപ്പര്‍താരം സെര്‍ജിയോ റാമോസ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച നീണ്ട കുറിപ്പിലാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. സ്പെയിന്‍ പരിശീലകന്‍ ലൂയിസ് എന്‍റിക്വെയുടെ ഭാവി പദ്ധിതികളില്‍ താന്‍ ഭാഗമല്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് വിരമിക്കല്‍ പ്രഖ്യാപിക്കുന്നതെന്ന് എന്നാണ് അദ്ദേഹം പറഞ്ഞത്. 36 കാരനായ റാമോസ് സ്പെയിനിനായി 18 വര്‍ഷം ബൂട്ടുകെട്ടിയിട്ടുണ്ട്. സ്പെയിനിന്റെ മുന്‍ നായകന്‍ കൂടിയാണ്.
‘സമയമായിരിക്കുന്നു. സ്പെയിന്‍ ദേശിയ ടീമിനോട് വിടപറയാന്‍. ഇന്ന് രാവിലെ സ്പെയിന്‍ മുഖ്യ പരിശീലകന്‍ എന്നെ ഫോണില്‍ വിളിച്ചിരുന്നു. ഞാന്‍ എത്ര മികച്ച പ്രകടനം കാഴ്ചവെച്ചാലും കരിയറില്‍ എന്തു മികവു കാട്ടിയാലും ദേശീയ ടീമിന്‍റെ ഭാവി പദ്ധതികളില്‍ ഞാനുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ദുഃഖഭാരത്തോടെ ഈ വഴി അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കുറച്ചുനാള്‍ കൂടി തുടരാനാവുമെന്നും മികച്ച രീതിയില്‍ അവസാനിപ്പിക്കാനാവുമെന്നും ഞാന്‍ കരുതി. ഈ യാത്ര എന്റെ സ്വന്തം തിരഞ്ഞെടുപ്പില്‍ അവസാനിക്കാന്‍ യോഗ്യമാണെന്ന് ഞാന്‍ സത്യസന്ധമായി വിശ്വസിക്കുന്നു. അല്ലെങ്കില്‍ എന്റെ പ്രകടനം ഞങ്ങളുടെ ദേശീയ ടീമിന് യോഗ്യമായ ഒരു തലത്തില്‍ ആയിരുന്നില്ല.’
‘കളി അവസാനിപ്പിക്കാന്‍ പ്രായം ഒരു ഘടകമേ അല്ല. അത് വെറും നമ്ബര്‍മാത്രമാണ്. ആരുടേയും കഴിവിനെ പ്രായം ബാധിക്കില്ല. ഈ പ്രായത്തിലും മോഡ്രിച്ചിന്‍റെയും മെസിയുടെയും പെപ്പെയുടെയും എല്ലാം പ്രകടനങ്ങളെ ഞാന്‍ ആദരിക്കുന്നു. എന്നാല്‍ എന്‍റെ കാര്യത്തില്‍ പക്ഷെ അത് അങ്ങനെയായില്ല. കാരണം, ഫുട്ബോള്‍ എല്ലാകാലത്തും നിതി കാണിക്കില്ല, അതുപോലെ ഫുട്ബോള്‍ എന്നാല്‍ വെറും ഫുട്ബോള്‍ മാത്രവുമല്ല.’- റാമോസ് കുറിച്ചു. വേദനയോടെ താന്‍ ഇത് അംഗീകരിക്കുകയാണെന്നും ഇത്രനാള്‍ നല്‍കിയ പിന്തുണയ്ക്കു നന്ദിയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
2010-ല്‍ ലോകകപ്പ് നേടിയ സ്പാനിഷ് ടീമിലെ അംഗമായിരുന്നു സെര്‍ജിയോ റാമോസ്. 2005-ലാണ് അദ്ദേഹം ആദ്യമായി ദേശീയ ടീമിനായി ബൂട്ടണിയുന്നത്. സ്‌പെയിന്‍ ദേശീയ ടീമിനായി 180 മത്സരങ്ങള്‍ കളിച്ച റാമോസ് പിഎസ്ജിക്ക് വേണ്ടി തുടര്‍ന്നു ബൂട്ടണിയും. ലോകകപ്പിന് പുറമേ 2008-ലും 2012-ലും രണ്ടുതവണ യൂറോ കപ്പ് നേടിയ ടീമിലും റാമോസ് അംഗമായിരുന്നു.