2021 മെയ് മാസത്തില്‍ ചൊവ്വാഗ്രഹത്തിന്‍റെ ഉപരിതലത്തില്‍ വിജയകരമായി ഇറങ്ങിയ ചൈനയുടെ ജുറോങ്ങ് റോവറിനെ കുറിച്ച് സുപ്രധാന അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ.
ചൊവ്വാ ദൗത്യത്തിന്റെ ഭാഗമായി ടിയാന്‍വെന്‍-1 ബഹിരാകാശ പേടകത്തിലായിരുന്നു ചൈന ജുറോങ്ങ് റോവര്‍ വിക്ഷേപിച്ചത്. എന്നാല്‍, കഴിഞ്ഞ ആറ് മാസക്കാലമായി ജുറോങ് പേടകത്തിന് അനക്കമില്ലെന്ന് നാസ അറിയിച്ചു.
പുതുതായി പുറത്തുവിട്ട ചിത്രങ്ങളിലൂടെയാണ് നാസ ഇക്കാര്യം വെളിപ്പെടുത്തിയത്. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന റോവര്‍ 2021 മുതല്‍ ലാന്‍ഡിങ് സൈറ്റില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ മാത്രമേ സഞ്ചരിച്ചിട്ടുള്ളൂ. നാസയുടെ മാര്‍സ് റിക്കണൈസന്‍സ് ഓര്‍ബിറ്റര്‍ എടുത്ത ടൈം സീരീസ് പ്രകാരം 2022 സെപ്റ്റംബറിനും 2023 ഫെബ്രുവരിക്കും ഇടയില്‍ ചൈനയുടെ ജുറോങ് റോവര്‍ ചുവന്ന ഗ്രഹത്തില്‍ നിശ്ചലമായിരുന്നു. ചൊവ്വയുടെ ഉത്തരമേഖലയിലെ പൊടിക്കാറ്റാകാം റോവറിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതെന്നാണ് കരുതുന്നത്.
നാസ പുറത്തുവിട്ട ചിത്രങ്ങള്‍
നാസയുടെയും അരിസോണ സര്‍വകലാശാലയിലെയും ഗവേഷകര്‍ പ്രവര്‍ത്തിക്കുന്ന ഓര്‍ബിറ്ററിലെ ഹൈ റെസല്യൂഷന്‍ ഇമേജിങ് സയന്‍സ് എക്‌സ്‌പെരിമെന്റ് ക്യാമറയാണ് റോവറിന്റെ നിശ്ചലമായ സ്ഥാനം വെളിപ്പെടുത്തിയത്.
അതേസമയം, ജുറോങ് റോവറിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് ഗവേഷകരും പ്രതികരിച്ചിട്ടില്ല. ഡിസംബറില്‍ പേടകം വീണ്ടും സജീവമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും റോവറിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ചൈനീസ് അധികൃതര്‍ മൗനം തുടരുകയാണെന്ന് സ്പേസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ടിയാന്‍വെന്‍ 1 ഓര്‍ബിറ്ററും ജുറോങ് റോവറും ഇതിനകം തന്നെ പ്രാഥമിക ദൗത്യങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ജീവന്റെ തുടിപ്പുകള്‍ തേടി ചൊവ്വയുടെ ഉട്ടോപ്യ, പ്ലാനിഷ്യ മേഖലയിലേക്കായിരുന്നു ചൈന റോവര്‍ അയച്ചത്. റോവര്‍ ചുവന്ന ഗ്രഹത്തിന്റെ ഭൂപ്രകൃതിയെ കുറിച്ച് പഠിക്കുകയും മണ്ണ് പരിശോധിക്കുകയും അവിടുത്തെ കാലാവസ്ഥ നിരീക്ഷിച്ച് ഡേറ്റ കൈമാറുകയുമൊക്കെ ചെയ്തിരുന്നു.