ചെന്നൈ: പൊലീസിനെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ച പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് വനിത എസ്‌ഐ.
സ്ഥിരം കുറ്റവാളിയായ ബന്തു സൂര്യയെന്ന ആള്‍ക്കാണ് വെടിയേറ്റത്. ഇയാള്‍ വാഹനപരിശോധനയ്‌ക്കിടെ പൊലീസ് ഉദ്യോഗസ്ഥന്റെ തലയില്‍ ഇരുമ്ബുകമ്ബികൊണ്ട് അടിച്ചു രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ഞായറാഴ്‌ച ചെന്നൈയിലെ കൊന്നൂര്‍ ഹൈവേയില്‍ വെച്ചാണ് സംഭവം.
ബന്തു സൂര്യയും സംഘവും മദ്യപിച്ച് ഹെല്‍മെറ്റ് ഇല്ലാതെ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അയ്‌നാവരം എസ്‌ഐ ശങ്കര്‍ ഇവരെ തടഞ്ഞു. എന്നാല്‍ പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ ഇയാളെ പൊലീസ് പിന്തുടര്‍ന്നു. പിടിക്കുമെന്നായപ്പോള്‍ എസ്‌ഐയുടെ തലയ്‍ക്ക് ഇരുമ്ബുകമ്ബികൊണ്ട് അടിച്ച് പ്രതികള്‍ രക്ഷപ്പെട്ടു.
പ്രതികളെ പിടിക്കാന്‍ അയ്നാവരം അസിസ്റ്റന്റ് എസ്‌ഐ മീനയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. വാഹന നമ്ബര്‍ പിന്തുടര്‍ന്നുള്ള പരിശോധനയില്‍ പ്രതികളെ പൊലീസ് പിടികൂടി. എന്നാല്‍ പൊലീസ് സ്റ്റേഷനിലേക്ക് വരുന്നതിനിടെ ഇയാള്‍ വീണ്ടും രക്ഷപ്പെട്ട് ഓടി അടുത്തുള്ള കടയില്‍ നിന്നും കത്തിയെടുത്ത് പൊലീസുകാരെ വെട്ടി പരിക്കേല്‍പ്പിച്ചതോടെയാണ് എസ്‌ഐ മീന പ്രതിക്ക് നേരെ വെടിയുതിര്‍ത്തത്. കാല്‍മുട്ടിന് പരിക്കേറ്റ ഇയാളെയും ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് പൊലീസുകാരെയും കില്‍പോക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.