തുര്‍ക്കിയില്‍ ആശങ്ക വീണ്ടും വിതച്ച് ഭൂകമ്പം. തിങ്കളാഴ്ച വൈകിട്ട് തെക്കന്‍ ഹതായ് പ്രവിശ്യയിലാണ് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. രണ്ടാഴ്ച മുമ്പ് ഉണ്ടായ തുടര്‍ഭൂകമ്പങ്ങളില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ ശ്രമം തുടരുന്നതിനിടെയാണ് പുതിയ സംഭവം. ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ മാത്രം 40,402 പേര്‍ മരിച്ചു. അയല്‍രാജ്യമായ സിറിയയില്‍ 5,800-ലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഫെബ്രുവരി 6 ന് പുലര്‍ച്ചെയാണ് തുര്‍ക്കിയിലെ തെക്കുകിഴക്കന്‍ കഹ്റമന്‍മാരാസ് പ്രവിശ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. തുടര്‍ന്ന് നടന്ന 40 ലധികം തുടര്‍ചലനങ്ങളിലായി തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും പതിനായിരക്കണക്കിന് ആളുകളാണ് മണ്ണിനടിയില്‍ കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനം തുടരുമ്പോള്‍, ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ അണുബാധ പടരുമോ എന്ന ആശങ്ക വര്‍ധിച്ചുവരികയാണ്. കുടല്‍, ശ്വാസകോശ സംബന്ധമായ അണുബാധകള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും ഇത് പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് തുര്‍ക്കി ആരോഗ്യ മന്ത്രി ഫഹ്രെറ്റിന്‍ കോക്ക പറഞ്ഞു.
ഇതിനിടെ കെട്ടിടങ്ങള്‍ തകര്‍ന്നതിന് ഉത്തരവാദികളെന്ന് സംശയിക്കുന്നവര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. ഡെവലപ്പര്‍മാര്‍ ഉള്‍പ്പെടെ 100 ലധികം പ്രതികളെ തടങ്കലില്‍ വയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഭൂകമ്പത്തിനു ശേഷം പ്രഭവകേന്ദ്രത്തോട് ഏറ്റവും അടുത്തുള്ള തെക്കന്‍ തുര്‍ക്കിയിലെ കഹ്റമന്‍മാരസിലെ ശ്മശാനത്തില്‍, ആയിരക്കണക്കിന് പുതിയ ശവക്കുഴികളാണ് ഉയര്‍ന്നത്. നിലവില്‍ കഹ്റാമന്‍മാരസിലും മറ്റുമായി കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള ശ്രമം തുടരുകയാണ്.
തുർക്കി-സിറിയ ഭൂചലനത്തെ തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ദേശീയ ദുരന്ത നിവാരണ സേന. തുർക്കിയിലും സിറിയയിലും മരിച്ചവർക്കായുള്ള തിരച്ചിൽ അവസാനിച്ചതിനെ തുടർന്നാണ് സേനാംഗങ്ങൾ ഇന്ത്യയയിലേക്ക് മടങ്ങിയത്. ഭൂചനത്തിന് പിന്നാലെ ഓപ്പറേഷൻ ദോസ്ത് എന്ന പേരിൽ ഇന്ത്യ രക്ഷാ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.
ഡോഗ് സ്‌ക്വാഡും 151 പേടരങ്ങുന്ന മൂന്ന് ടീമുമാണ് ഇന്ത്യയിൽ നിന്നും ദുരന്തഭൂമിയിലേക്ക് തിരിച്ചത്. 35 മേഖലകളിൽ ദുരന്ത നിവാരണ സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിന് ഏർപ്പെട്ടിരുന്നു. വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്.
47 ക്രൂ അംഗങ്ങളും റാംബോ, ഹണി എന്നി ഡോഗ് സ്‌ക്വാഡുകളും കഴിഞ്ഞ ദിവസം തുർക്കിയിൽ നിന്നും ഇന്ത്യയിലേക്ക് എത്തിയിരുന്നു. രക്ഷാ പ്രവർത്തനത്തിന് ശേഷം തിരിച്ചെത്തിയ സേനാംഗങ്ങൾക്ക് തുർക്കി വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്. സേനാംഗങ്ങളെ അധികൃതർ മാലയിട്ട് സ്വീകരിച്ചു.