ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി ഡിസംബർ 31 വരെ സവാളയുടെ കയറ്റുമതിക്ക് കേന്ദ്രം 40 ശതമാനം തീരുവ ചുമത്തി. സർക്കാർ വിജ്ഞാപനത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തു. ഡിസംബർ 31 വരെ സവാള കയറ്റുമതിക്ക് സർക്കാർ 40 ശതമാനം തീരുവ ചുമത്തുമെന്ന് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. സെപ്റ്റംബറിൽ സവാള വില ഉയരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് കയറ്റുമതി തീരുവ വർധിപ്പിച്ചത്.
ഒക്ടോബറിൽ പുതിയ വിളയുടെ വരവ് വരെ വില പിടിച്ചുനിർത്തുക എന്ന ലക്ഷ്യത്തോടെ, നിർദ്ദിഷ്ട പ്രദേശങ്ങളിലെ ബഫർ സ്‌റ്റോക്കിൽ നിന്ന് സവാള ഉടൻ പുറത്തിറക്കുമെന്ന് കഴിഞ്ഞ ആഴ്‌ച സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇ-ലേലം, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ, ഉപഭോക്തൃ സഹകരണ സ്ഥാപനങ്ങളും കോർപ്പറേഷനുകളും നടത്തുന്ന അവരുടെ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി കിഴിവുകൾ എന്നിവയുൾപ്പെടെ സവാള വിതരണത്തിനായി സർക്കാർ വിവിധ മാർഗങ്ങൾ പര്യവേക്ഷണം ചെയ്യുകയാണ്.
നിലവിൽ, കുറഞ്ഞ ലഭ്യതയുള്ള കാലയളവിൽ വിലയിലുണ്ടായ അപ്രതീക്ഷിതമായ കുതിച്ചുചാട്ടം പരിഹരിക്കുന്നതിനായി സർക്കാർ വിലസ്ഥിരതാ ഫണ്ട് (പിഎസ്എഫ്) ഉപയോഗിച്ച് 3 ലക്ഷം ടൺ സവാള സംഭരിച്ചിട്ടുണ്ട്.
സർക്കാർ കണക്കുകൾ പ്രകാരം സവാളയുടെ വിലയിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്. ഓഗസ്‌റ്റ് 10ലെ കണക്കനുസരിച്ച്, ഈ അവശ്യ വസ്‌തുവിന്റെ അഖിലേന്ത്യാ റീട്ടെയിൽ വില കിലോഗ്രാമിന് 27.90 രൂപയായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കിലോഗ്രാമിന് 2 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
നേരത്തെ, നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻസിസിഎഫ്), നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (നാഫെഡ്) എന്നിവയും മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് 1.50 ലക്ഷം ടൺ വീതം സവാള സംഭരിച്ചിരുന്നു. കൂടാതെ, സവാളയുടെ ആയുസ്സ് നീട്ടുന്നതിനായി, പരീക്ഷണാടിസ്ഥാനത്തിൽ ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിന്റെ (BARC) സഹായത്തോടെ സർക്കാർ റേഡിയേഷനും ആരംഭിച്ചു.
ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, റാബി സീസണിൽ ഉയർന്ന ഉപഭോഗമുള്ള പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നതിനായി സവാള സംഭരിച്ചതിനാൽ വാർഷിക ബഫർ 2020-21ലെ ഒരു ലക്ഷം ടണ്ണിൽ നിന്ന് 2023-24ൽ മൂന്ന് ലക്ഷം ടണ്ണായി ഉയർന്നു.
ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വിലയിൽ സവാളയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിലും വില സ്ഥിരത നിലനിർത്തുന്നതിലും ബഫർ പ്രധാന പങ്കുവഹിച്ചതായി ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ പ്രസ്‌താവനയിൽ പറയുന്നു. ഏപ്രിൽ-ജൂൺ മാസങ്ങളിൽ വിളവെടുക്കുകയും ഒക്‌ടോബർ-നവംബർ മാസങ്ങളിൽ ഖാരിഫ് വിളവെടുക്കുന്നത് വരെ ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുകയും ചെയ്യുന്ന റാബി സീസണിൽ നിന്നാണ് ഇന്ത്യയ്ക്ക് സവാള വിതരണത്തിന്റെ 65 ശതമാനവും ലഭിക്കുന്നത്.