മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറങ്ങരതെന്ന ആവശ്യം സമുഹമാധ്യമങ്ങളിൽ ശക്തമാകുന്നു. ഉദ്ഘാടനങ്ങൾ ഉൾപ്പെടെ ഓൺലെെനാക്കി മാറ്റി മുഖ്യമന്ത്രി സഞ്ചരിക്കാതിരിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നാണ് സമുഹമാധ്യമങ്ങളിൽ ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുറത്തിറങ്ങുന്ന സമയത്ത് സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ സുരക്ഷയും നിയന്ത്രണങ്ങളും കൊണ്ടുവന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കാണമെന്ന ആവശ്യമാണ് ഉയരുന്നത്. മുഖ്യമന്ത്രി യാത്ര ഒഴിവാക്കിയാൽ സാധാരണക്കാർക്ക് യാത്ര സാധ്യമാകുന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നും ജനങ്ങളുടെ ആവശ്യത്തിന് യാതൊരു വിധ പരിഗണനയും നൽകാതെയുള്ള പ്രവർത്തി ഏകാധിപതിയെ ഓർമ്മിപ്പിക്കുന്നതാണെന്നുമാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. ഒരാൾ അകത്തിരുന്നാൽ ഒരുപാട് പേർക്ക് പുറത്തിറങ്ങാമെന്നുള്ള വാദങ്ങളും സമൂഹമാധ്യമങ്ങൾ ഉയർത്തുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കാസർകോട് അഞ്ച് പൊതുപരിപാടികളിലാണ് പങ്കെടുക്കുന്നത്. കാസർഗോഡ് എത്തുന്ന അദ്ദേഹത്തിൻ്റെ സുരക്ഷയ്‌ക്കായി 911 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്.കാസർകോട് ജില്ലയ്ക്ക് പുറമേ നാല് ജില്ലകളിൽ നിന്നുള്ള പൊലീസുകാരെ കൂടി വിന്യസിച്ചാണ് സുരക്ഷ ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 14 ഡിവൈഎസ്︋പിമാരും സുരക്ഷ ചുമതലയിലുണ്ടെന്നും കാസർകോഡ് ജില്ലാ പൊലീസ് മേധാവിയുടെ ചുമതലയിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നതെന്നുമാണ് റിപ്പോർട്ടുകൾ. അതേസമയം കഴിഞ്ഞ ദിവസം കറുപ്പ് വസ്ത്രങ്ങൾ വിവാദമായതോടെ മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുപ്പിന് വിലക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
കോഴിക്കോട്ട് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ വിദ്യാർത്ഥികൾ കറുത്ത വസ്ത്രവും മാസ്കും ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയത് വിവാദത്തിലായി. ഇന്നലെ മീഞ്ചന്ത ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ സംസ്ഥാന ജൈവ വൈവിദ്ധ്യ കോൺഗ്രസ് ഉദ്ഘാടന സമ്മേളനത്തിലായിരുന്നു വിലക്ക്. കോളേജ് അധികൃതർ വിദ്യാർത്ഥികൾക്ക് ഇതുസംബന്ധിച്ച് മുൻകൂർ നിർദ്ദേശം നൽകിയതും വിവാദത്തിലായിരുന്നു.കറുത്ത മാസ്‌ക് ധരിച്ചെത്തിയ രണ്ടുകുട്ടികളോട് അത് അഴിച്ചുമാറ്റാൻ പൊലീസ് നിർദ്ദേശിച്ചു. കറുത്ത ടീ ഷർട്ടിട്ട് എത്തിയ വിദ്യാർത്ഥികളെ ചോദ്യം ചെയ്തു. കരിങ്കൊടി പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് പ്രതിപക്ഷ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കുന്നത് തുടരവേയാണ് അസാധാരണ നടപടികളുമായി പൊലീസ് രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയായിരുന്നു കോഴിക്കോട് നഗരത്തിലും കോളേജ് പരിസരത്തും ഒരുക്കിയിരുന്നത്. ഡിസിപി കെഇ.ബൈജുവിൻ്റെ നേതൃത്വത്തിൽ 212 പൊലീസുകാരെയാണ് വിന്യസിച്ചിരുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ കണ്ണൂരിൽ നിന്നാണ് മുഖ്യമന്ത്രി എത്തിയത്. അകമ്പടിയായി അവിടത്തെ പൊലീസും എത്തിയിരുന്നു. രാവിലെ 10നായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങ് ആരംഭിച്ചതെങ്കിലും രാവിലെ എട്ടുമുതൽ നഗരം പൊലീസ് വലയത്തിലായി മാറിയിരുന്നു. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് മീഞ്ചന്ത മിനിബൈപ്പാസും എരഞ്ഞിപ്പാലം ബൈപ്പാസും ബേപ്പൂർ-കല്ലായി റോഡുമെല്ലാം വൻ ഗതാഗതക്കുരുക്കാണ് രൂപമെടുത്തത്.
അതേസമയം മുഖ്യമന്ത്രിയുടെ പരിപാടികളിൽ പ്രതിഷേധിക്കാൻ സാദ്ധ്യതയുണ്ടെന്ന കാരണത്താൽ പ്രതിപക്ഷത്തെ പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും അടക്കം കൂട്ടത്തോടെ കരുതൽ തടങ്കലിലാക്കുന്ന പൊലീസ് നടപടിക്കെതിരെ നിയമ വദഗ്ദർ രംഗത്തെത്തിയിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവിൻ്റെ ലംഘനമാണ് കേരളത്തിൽ നടക്കുന്നതെന്നും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. തോന്നുംപോലെ ഉപയോഗിക്കാനുള്ളതല്ല കരുതൽ തടങ്കലെന്നും വ്യക്തികളുടെ സ്വാതന്ത്ര്യത്തെയും അവകാശത്തെയും ഹനിക്കുന്ന നിയമം സാധാരണ സാഹചര്യങ്ങളിൽ ഉപയോഗിക്കാനല്ലെന്നും സുപ്രീംകോടതി കഴിഞ്ഞ ജൂണിലും ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിൻ്റെ പരസ്യമായ ലംഘനമാണ് സംസ്ഥാനത്ത് ഇപ്പോൾ നടന്നുവരുന്നതെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നതും.