കോഴിക്കോട്: ലഹരിമാഫിയയുടെ കെണിയില്‍ പെട്ട് ലഹരികടത്ത് നടത്തേണ്ടി വന്നെന്ന ഗുരുതര വെളിപ്പെടുത്തലുമായി മറ്റൊരു പെണ്‍കുട്ടി കൂടി. മൂന്നു വർഷമായി ലഹരിക്ക് അടിമയായ തന്നെ മാഫിയ പലതവണ കാരിയറായി ഉപയോഗിച്ചിട്ടുണ്ടെന്ന് ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിപറഞ്ഞു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടവരാണ് തന്നെ കണ്ണിയാക്കിയതെന്നും പെൺകുട്ടി വെളിപ്പെടുത്തി. മാസങ്ങൾക്ക് മുമ്പേ, കുട്ടിയുടെ ലഹരിമാഫിയ ബന്ധം പരാതിപ്പെട്ടിട്ടും മെഡിക്കൽ കോളജ് പൊലീസ് ഗൗരവമായി എടുത്തില്ലെന്നാണ് പെൺകുട്ടിയുടെ വീട്ടുകാരുടെ ആരോപണം.
കോഴിക്കോട് അഴിയൂരിൽ ലഹരിമാഫിയയുടെ വലയിൽപ്പെട്ട എട്ടാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം എങ്ങുമെത്താതിരിക്കുന്നതിനിടെയാണ് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ പതിനാലുകാരിയും സമാനമായ വെളിപ്പെടുത്തല്‍ നടത്തിയത്. ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിനിടെയായിരുന്നു കുട്ടിയുടെ വെളിപ്പെടുത്തല്‍. ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച കോഴിക്കോട് സ്വദേശികളായ യുവാക്കളാണ് തന്നെ ലഹരിയുടെ ലോകത്തെത്തിച്ചത്. മാനസികസമ്മര്‍ദ്ദം അകറ്റാനുളള മരുന്ന് എന്ന പേരിലാണ് എംഡിഎംഎ നല്‍കിയത്. ഏഴാംക്ലാസില്‍ പഠിക്കുന്പോഴായിരുന്നു എംഡിഎംഎ ആദ്യം പരീക്ഷിച്ചത്.
കുട്ടിയുടെ കൈകളിൽ ലഹരി ഉപയോഗത്തിനായി മുറിവുകളുണ്ടാക്കിയതിന്‍റെ നിരവധി പാടുകളുണ്ട്. കൈയിലെ പാടുകളും പെരുമാറ്റത്തിലെ പൊരുത്തക്കേടും കണ്ട വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് ലഹരി ഉപയോഗത്തെക്കുറിച്ചുളള വിവരങ്ങള്‍ കിട്ടിയത്. മൂന്ന് മാസം മുന്പായിരുന്നു ഇത്
തുടർന്ന് കുട്ടിയെ ബെംഗലൂരുവിലുളള പിതാവിനൊപ്പമയച്ചു. അവിടെ നിന്ന് മടങ്ങുംവഴി മൂന്നുഗ്രാം എംഡിഎംഎ കുട്ടി കോഴിക്കോട്ടെ ആവശ്യക്കാർക്കെത്തിച്ചു. ഇതിന്‍റെ തെളിവ് സഹിതം രണ്ട് മാസം മുമ്പ് മെഡിക്കല്‍ കോളേജ് പൊലീസിന് പരാതി നല്‍കാനെത്തിയെങ്കിലും പൊലീസ് കേസ് എടുക്കാതെ തിരിച്ചയച്ചു.സ്കൂള്‍ അധികൃതരും സംഭവം ഗൗരവത്തിലെടുത്തില്ല. തുടര്‍ന്നാണ് വീട്ടുകാര്‍ ചൈല്‍ഡ് ലൈനിനെ വിവരം അറിയിച്ചത്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയുടെ കീഴിലുളള ഡീഅഡിക്ഷന്‍ സെന്‍ററില്‍ ചികില്‍സയിലാണ് കുട്ടിയിപ്പോള്‍. വീട്ടുകാരുടെ പരാതിയിന്‍മേല്‍ അന്വേഷണം തുടങ്ങിയെന്നും പ്രതികളെക്കുറിച്ച് സൂചന കിട്ടിയതായും പൊലീസ് അറിയിച്ചു.