ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് ബോംബ് ഭീഷണി. ലക്‌നൗവിലെ വസതിക്ക് മുമ്പില്‍ ബോംബ് കണ്ടെത്തിയതായി അധികൃതര്‍ക്ക് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. ഇതോടെ ഭീഷണി വ്യാജമാണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് സുരക്ഷ കൂടുതല്‍ ശക്തമാക്കി.
ബോംബിനെക്കുറിച്ച് ഡല്‍ഹി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതായും മുന്‍കരുതലെന്ന നിലയില്‍ ഊര്‍ജിത തിരച്ചില്‍ നടത്തിയതായും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഡിസിപി) അറിയിച്ചു. ഒന്നും കണ്ടെത്താനായില്ലെന്നും ഡിസിപി സ്ഥിരീകരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് വ്യാജ ബോംബ് ഭീഷണിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.