ഇസ്ലാമാബാദ്: ഒരു വശത്ത് റഷ്യയില്‍ നിന്ന് കുറഞ്ഞ വിലക്ക് എണ്ണ വാങ്ങാനുള്ള ശ്രമങ്ങള്‍ തുടരുന്ന പാകിസ്ഥാന്‍ മറുവശത്ത് യുക്രെയിന് തുടര്‍ച്ചയായി ആയുധങ്ങള്‍ നല്‍കി റഷ്യയെ പിന്നില്‍ നിന്ന് കുത്താനുള്ള ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്.
കെസ്ട്രല്‍ എന്ന കമ്ബനി വഴി ആഭ്യന്തരമായി നിര്‍മ്മിച്ച ആയുധങ്ങള്‍ യുക്രെയിനും റഷ്യയ്ക്ക് ചുറ്റുമുള്ള മറ്റ് രാജ്യങ്ങളിലേക്കും പാകിസ്ഥാന്‍ രഹസ്യമായി വിതരണം ചെയ്യുന്നുണ്ടെന്ന് ഒരു അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കെസ്ട്രലിന്റെ സി.ഇ.ഒ ആയ ലിയാഖത്ത് അലി ബെഗ് 2022 മേയിലും ജൂണിലും പോളണ്ട്, റൊമേനിയ, സ്ലോവാക്യ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, ഇന്നലെ പുറത്തുവന്ന മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം യുക്രെയിന് ഗ്രാഡ് മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചറുകളില്‍ ഉപയോഗിക്കാനുള്ള റോക്കറ്റുകള്‍ പാകിസ്ഥാന്‍ ജര്‍മ്മനിയിലെ എംഡന്‍ തുറമുഖം വഴി നല്‍കുമെന്ന് അറിയുന്നു. 10,000ത്തിലേറെ റോക്കറ്റുകള്‍ ഈ മാസം ആദ്യം കറാച്ചി തുറമുഖത്ത് നിന്ന് പുറപ്പെട്ടതായും ബന്ധപ്പെട്ടവര്‍ പറയുന്നു.
കഴിഞ്ഞ മാസം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പാകിസ്ഥാന്‍ ഓര്‍ഡ്‌നന്‍സ് ഫാക്ടറീസില്‍ നിന്ന് വെടിക്കോപ്പുകളടങ്ങുന്ന 46 കണ്ടെയ്നറുകള്‍ കറാച്ചി ആസ്ഥാനമായുള്ള ഒരു ഷിപ്പിംഗ് കമ്ബനി കയറ്റി അയച്ചു. കൂടാതെ 50,000 സൈനിക സാമഗ്രികളുടെ മറ്റൊരു ഷിപ്പ്‌മെന്റും കറാച്ചി വഴി പുറപ്പെട്ടു. ഇവ പോളണ്ടിലെ ഗഡാന്‍സ്ക് തുറമുഖം വഴിയാണ് യുക്രെയിനിലെത്തുന്നതെന്ന് കരുതുന്നു.
യുക്രെയിനിലേക്കുള്ള ആയുധ വിതരണത്തിന് വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രതിരോധ വിതരണക്കാരെയും കോണ്‍ട്രാക്ടര്‍മാരെയും പാകിസ്ഥാന്‍ ഉപയോഗിക്കുന്നതായും പറയുന്നു. ആയുധങ്ങള്‍ക്ക് പകരമായി തങ്ങള്‍ ഉപയോഗിക്കുന്ന എം.ഐ – 17 ഹെലികോപ്റ്ററുകളുടെ ടി.വി 3 – 117 വി.എം എന്‍ജിനുകള്‍ നവീകരിക്കാന്‍ പാകിസ്ഥാന്‍ യുക്രെയിന്റെ സഹായം തേടിയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
രാജ്യം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്നതിനിടെ റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ നേടിയെടുക്കുന്നതിനൊപ്പം യുക്രെയിന് ആയുധങ്ങള്‍ നല്‍കി പണം സമ്ബാദിക്കുകയാണ് പാകിസ്ഥാന്റെ ലക്ഷ്യം. ഇന്ത്യക്ക് ലഭിച്ചതുപോലെ റഷ്യയില്‍ നിന്ന് കുറഞ്ഞ വിലക്ക് എണ്ണ നേടിയെടുക്കാനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. അതേ സമയം, പാകിസ്ഥാനില്‍ നിന്നുള്ള ആയുധ കൈമാറ്റങ്ങള്‍ റഷ്യ സൂഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം.