ലണ്ടനില്‍ അധ്യാപകനാണ് തിമോത്തി. വയസ് 59. തന്‍റെ അച്ഛനമ്മമാരായ ബില്ലിനും യൂനിസിനും ഒപ്പമാണ് അവന്‍ വളര്‍ന്നതും. എന്നാല്‍, 2018-ൽ ബില്ലും, 2020-ൽ യൂനിസും മരിച്ചു. അതിന് ശേഷം അയാള്‍ക്ക് തന്‍റെ വേരുകളിലേക്ക് തിരിച്ച് പോകണമെന്ന് തോന്നി. ആ അന്വേഷണത്തിനൊടുവില്‍ തനിക്ക് ജന്മം നല്‍കിയ അമ്മയെ അയാള്‍ കണ്ടെത്തി. അതും 58 വര്‍ഷങ്ങള്‍ക്ക് ശേഷം. അപ്പോഴേക്കും ലോകം ഒരുപാട് മാറിയിരുന്നു.
1957 മുതല്‍ 1963 വരെ ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായിരുന്നത് ഹരോള്‍ഡ് മക്‍മില്ലനായിരുന്നു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ്, സ്വന്തം കോളനികളില്‍ ഭൂരിഭാഗവും വിട്ടൊഴിഞ്ഞ് ബ്രിട്ടന്‍ സ്വന്തം കാലില്‍ നിന്ന് തുടങ്ങിയ കാലം. യുദ്ധക്കെടുതികളില്‍ നിന്ന് വിടുതല്‍ നേടുന്നതേയുണ്ടായിരുന്നൊള്ളൂ. രാഷ്ട്രീയം പോലെ സാമൂഹിക ജീവിതവും കുഴമറിഞ്ഞ അവസ്ഥയിലായിരുന്നു. ഇക്കാലത്ത് പ്രായപൂര്‍ത്തിയാകാത്ത, അവിവാഹിതരായ അമ്മമാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് അവിവാഹിതരായ അമ്മമാരുടെ കുട്ടികളെ ദത്തെടുത്ത് വളര്‍ത്തുന്ന സ്ഥാപനങ്ങളും ബ്രിട്ടനില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇത്തരത്തില്‍ ഹാംഷെയറില്‍ പ്രവര്‍ത്തിച്ച ഒരു സ്ഥാപനമായിരുന്നു ദി ഹെവന്‍. 1945 മുതൽ 1970 വരെ പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനത്തില്‍ ഏകദേശം 1,800 കുഞ്ഞുങ്ങളാണ് ജനിച്ച് വീണത്. അമ്മമാര്‍ അവിവാഹിതരായിരുന്നതിനാല്‍ കുട്ടികളെല്ലാം തന്നെ ദത്ത് നല്‍കപ്പെട്ടു.
വീണ്ടും തിമോത്തിയിലേക്ക്. ബില്ലിനും യൂനിസിനും തിമോത്തിയെ ദത്തെടുക്കുമ്പോള്‍ അവന് ആറാഴ്ചത്തെ പ്രായം മാത്രമേയുണ്ടായിരുന്നൊള്ളൂ. കുട്ടികളില്ലാതിരുന്ന ബില്ലിയും യൂനിസം അപ്പോള്‍ തങ്ങളുടെ 36 -ാം വയസിലൂടെ കടന്ന് പോവുകയായിരുന്നു. തിമോത്തി, തന്‍റെ വളര്‍ത്തച്ഛനോടും വളര്‍ത്തമ്മയ്ക്കുമൊപ്പം സന്തോഷം നിറഞ്ഞ ജീവിതം ജീവിച്ചു. അപ്പോഴൊക്കെ അവര്‍ തന്നോട് ‘നിങ്ങൾ ഒരു പ്രത്യേക വ്യക്തിയായിരുന്നു. നിങ്ങൾ ഞങ്ങളുടെ അടുത്തേക്ക് വന്നത് മറ്റൊരു വഴിയിലൂടെയാണ്’. എന്ന് പറഞ്ഞിരുന്നതായി തിമോത്തി ഓര്‍മ്മിക്കുന്നു. എന്നാല്‍, ഇരുവരും മരിക്കുന്നത് വരെ തനിക്ക് തന്‍റെ രക്തബന്ധങ്ങളെ കണ്ടെത്തണമെന്ന ആഗ്രഹം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.
ഒടുവില്‍ യൂനിസും വിട പറഞ്ഞതോടെ തിമോത്തി തന്‍റെ അമ്മയെ തേടിയിറങ്ങി. 2022 ജനുവരിയിൽ ചില പഴയ ഫാമിലി ഫോട്ടോകളില്‍ നിന്നാണ് അയാള്‍ അമ്മയ്ക്കായുള്ള അന്വേഷണം ശക്തമാക്കിയത്. ആ അന്വേഷണത്തിനിടെ ഹാംഷെയറിലെ യേറ്റ്‌ലി ഹെവൻ (അവിവാഹിതരായ അമ്മമാർക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടി ബാപ്റ്റിസ്റ്റ് യൂണിയൻ നടത്തുന്ന “അമ്മയും കുഞ്ഞും” വീട്) അദ്ദേഹം കണ്ടെത്തി. അവരുടെ ഫേസ് ബുക്ക് പേജിലൂടെ തന്‍റെ അമ്മയെ അയാള്‍ അന്വേഷിച്ചു. ഒടുവില്‍ ബെഡ്‌ഫോർഡ്‌ഷെയറിൽ നിന്നുള്ള മുൻ ചാരിറ്റി വർക്കറായ പെന്നി ഗ്രീനെ അയാള്‍ കണ്ടെത്തി. പെന്നിയും തിമോത്തിയെ പോലെ അവിവാഹിതയായ അമ്മയുടെ മകളായിരുന്നു. പക്ഷേ പെന്നിയെ അമ്മ ഉപേക്ഷിച്ചില്ല. മറിച്ച് ഭര്‍ത്താവ് മരിച്ചെന്ന് മറ്റുള്ളവരോട് പറഞ്ഞ് പേര് മാറ്റി അവര്‍ അവളെ വളര്‍ത്തുകയായിരുന്നു.
പെന്നിയുടെ നിര്‍ദ്ദേശപ്രകാരം തിമോത്തി തനിക്ക് ജനം നല്‍കിയ അമ്മയുടെ മുഴുവൻ പേരും തീയതിയും ജനന സ്ഥലവും അടങ്ങിയ ഒറിജിനൽ ജനന സർട്ടിഫിക്കറ്റിന്‍റെ പകർപ്പിനായി ജനറൽ രജിസ്റ്റർ ഓഫീസിൽ അപേക്ഷിച്ചു. ഇത് ഉപയോഗിച്ച് വോട്ടർപട്ടികയും ഇന്‍റർനെറ്റിന്‍റെയും സഹായത്തോടെ പെന്നി, തിമോത്തിയുടെ അമ്മയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് മൈക്കല്‍ മോര്‍ട്ടിമറെ കണ്ടെത്തി. ഒടുവില്‍ 58 വർഷങ്ങള്‍ക്ക് ശേഷം 2022 സെപ്തംബർ 19 ന് തിമോത്തിയും അമ്മയും ആദ്യമായി കണ്ടുമുട്ടി.
“അമ്മയുടെ കണ്ണുകളിൽ എനിക്ക് എന്നെത്തന്നെ ആദ്യമായി കാണാൻ കഴിഞ്ഞു. ഇത് വൈകാരികമായിരുന്നു, എന്നാൽ, അതേ സമയം അത് സ്വാഭാവികമായി തോന്നി.” തിമോത്തി ആ കൂടിക്കാഴ്ചയെ കുറിച്ച് പറയുന്നു. ദീർഘകാല ആരോഗ്യ വെല്ലുവിളികൾക്കിടയിലും ആറ് ആഴ്ചമാത്രം തന്നോടൊപ്പമുണ്ടായിരുന്ന മകനെ കുറിച്ച് അമ്മയ്ക്ക് നല്ല ഓർമ്മയുണ്ടായിരുന്നു. തിമോത്തി തന്‍റെ അമ്മയുടെ കഥ പിന്നീട് ഇങ്ങനെ പൂരിപ്പിച്ചു. ‘തന്നെ പ്രസവിക്കുമ്പോള്‍ അമ്മയ്ക്ക് 18 വയസ്. അവിവാഹിത. ഒരു കുഞ്ഞിനെ നോക്കാനുള്ള വരുമാനം അവര്‍ക്കുണ്ടായിരുന്നില്ല. മാത്രമല്ല, 16 -ാം വയസില്‍ അവര്‍ മറ്റൊരു കുഞ്ഞിനെ പ്രസവിച്ചിരുന്നു. അതിനെയും ദത്ത് നല്‍കിയിരുന്നു. അതിന് ശേഷം അവര്‍ തമ്മില്‍ കണ്ടിട്ടില്ല.
അമ്മയ്ക്ക് ഒരു സഹോദരി, ആന്‍ഡ്രിയും ഒരു സഹോദരന്‍, ബില്ലുമുണ്ട്. ബില്ല് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. തന്‍റെ പിതാവിന്‍റെ പേര് ഹെദയാത് മമഗൻ സർദി, അദ്ദേഹം ഒരു ഇറാനിയൻ മുസ്ലീം ആയിരുന്നു. അമ്മയും അച്ഛനും തമ്മില്‍ വളരെ ചെറിയ കാലത്തെ പ്രണയമുണ്ടായിരുന്നു, ഓക്‌സ്‌ഫോർഡിലെ രാത്രികളിൽ അവര്‍ ഒരുമിച്ച് നൃത്തം ചെയ്യാന്‍ ഇഷ്ടപ്പെട്ടു. പിന്നീട് അവര്‍ വേര്‍പിരിഞ്ഞു. ഇനി ചേട്ടനെയും അച്ഛനെയും കണ്ടെത്തണം. അതിനുള്ള അന്വേഷണം പ്രരംഭഘട്ടത്തിലാണെന്നും തിമോത്തി പറഞ്ഞു. അമ്മ, തന്‍റെ ജനനത്തിന് ശേഷം 1966 ല്‍ വിവാഹിതയായി. ആ ബന്ധത്തില്‍ അവര്‍ക്ക് രണ്ട് ആണ്‍ മക്കളുണ്ട്. അവരുമായി ഇപ്പോള്‍ തനിക്ക് സൗഹൃദം ഉണ്ടെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. ഇത് വളരെ ആവേശകരമാണ്. ഈ പ്രായത്തില്‍ അമ്മയെയും സഹോദന്മാരെയും കിട്ടുകയെന്നാല്‍… തിമോത്തി തന്‍റെ സന്തോഷം മറച്ച് വച്ചില്ല.