തിരച്ചില്‍ തുടരുന്നു; പുള്ളിപ്പുലിയെയും കടുവയെയും വെടിവെക്കും

0
46

ബംഗളൂരു: മൈസൂരു ജില്ലയില്‍ മൂന്നുപേരെ കൊന്ന പുള്ളിപ്പുലിയെയും കടുവയെയും വെടിവെക്കാന്‍ ഡെപ്യൂട്ടി കമീഷണര്‍ കെ.വി.

രാജേന്ദ്ര ഉത്തരവിട്ടു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നിര്‍ദേശപ്രകാരം പ്രത്യേക ദൗത്യസംഘങ്ങള്‍ ഇവയെ പിടികൂടാന്‍ തിരച്ചില്‍ നടത്തുന്നുണ്ട്.

വിവിധ സംഘങ്ങളായി 120ലധികം വനപാലകരാണ് രണ്ടു താലൂക്കുകളിലുമായി തിരച്ചില്‍ നടത്തുന്നത്. 20ഓളം സി.സി.ടി.വി കാമറകളും അഞ്ചിലധികം കെണികളും സ്ഥാപിച്ചു. വന്യജീവികളെ പിടികൂടുന്നതില്‍ പരിശീലനം ലഭിച്ച ആനകളെയും ദൗത്യത്തിന് ഉപയോഗിക്കുന്നുണ്ട്.

വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററാണ് വെടിവെച്ചു കൊല്ലാനുള്ള ഉത്തരവ് ഇറക്കേണ്ടതെങ്കിലും അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഡെപ്യൂട്ടി കമീഷണര്‍ ഉത്തരവിട്ടത്.

2022 ഒക്ടോബര്‍ 30 മുതല്‍ 2023 ജനുവരി 22 വരെയുള്ള മൂന്നു മാസത്തിനുള്ളില്‍ മൈസൂരുവിലെ ടി. നര്‍സിപുര്‍, എച്ച്‌.ഡി കോട്ട താലൂക്കുകളിലായി അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. കോളജ് വിദ്യാര്‍ഥികളായ മഞ്ജുനാഥ് (20), മേഘ്‌ന (22), സ്കൂള്‍ വിദ്യാര്‍ഥി ജയന്ത് (11), സിദ്ധമ്മ (60), ആദിവാസി യുവാവ് മഞ്ജു (18) എന്നിവരാണ് മരിച്ചത്.

ഇവരില്‍ മഞ്ജുനാഥിനെയും മേഘ്‌നയെയും കൊന്ന പുലിയെ ഒരു മാസത്തോളം നീണ്ട തിരച്ചിലിനൊടുവില്‍ പിടികൂടി ബംഗളൂരുവിലെ ബന്നാര്‍ഘട്ട മൃഗശാലയിലേക്ക് മാറ്റിയിരുന്നു. മറ്റുള്ളവരെ കൊന്ന പുലിക്കും കടുവക്കുമായാണ് തിരച്ചില്‍. മൂന്നു ദിവസത്തിനിടെ മൂന്നു പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here