അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി 108 ആംബുലന്‍സ് ജീവനക്കാര്‍

0
57

തിരുവനന്തപുരം: പ്രസവവേദനയില്‍ പുളഞ്ഞ് ബോധരഹിതയായി വീടിന്റെ ഹാളില്‍ കുഞ്ഞിന് ജന്മം നല്‍കിയ അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി 108 ആംബുലന്‍സ് ജീവനക്കാര്‍. നെയ്യാറ്റിന്‍കര അമരവിള മാങ്കോട്ടുകോണം സ്വദേശിനിയായ 32 കാരിയാണ് ആണ് വീട്ടില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ഭര്‍ത്താവ് ജോലിക്ക് പോയതിനാല്‍ സംഭവ സമയം യുവതിയുടെ മറ്റ് രണ്ടു കുട്ടികള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍ ആണ് കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടിയത്.

ഉടന്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ആംബുലന്‍സ് പൈലറ്റ് കിരണ്‍ യൂ എസ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ അജീഷ് രാജ് ടി എന്നിവര്‍ ഉടന്‍ സ്ഥലത്തെത്തി.

വീട്ടിലെ ഹാളില്‍ പ്രസവിച്ച നിലയിലായിരുന്നു യുവതി. ഉടന്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ അജീഷ് രാജ് അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി. തുടര്‍ന്ന് ആംബുലന്‍സിലേക്ക് മാറ്റിയ ഇരുവരെയും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here