റിയാദ്: സൗദി ഓള്‍ സ്റ്റാര്‍ ഇലവനും പി എസ് ജിയും തമ്മിലുള്ള സൗഹൃദപ്പോരാട്ടം ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ലിയോണല്‍ മെസിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമെന്ന നിലയില്‍ കൂടി ശ്രദ്ധേയമായിരുന്നു.മത്സരത്തിന് മുമ്പ് റൊണാള്‍ഡോയും മെസിയും പരസ്പരം കൈകൊടുത്ത് സൗഹൃദം പുതുക്കിയപ്പോള്‍ മത്സരത്തില്‍ ഇരുരും നേര്‍ക്കുനേര്‍വന്ന ഓരോ നിമിഷവും ആരാധകര്‍ ആസ്വദിച്ചു.
മത്സരത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്ന അത്തരമൊരു നിമിഷമാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. റൊണാള്‍ഡോയെ സ്നേഹത്തോടെ നോക്കുന്ന മെസിയുടെ ചിത്രമാണ് ആരാധകരുടെ ഹൃദയം തൊട്ടത്. എന്നാല്‍ മെസിയുടെ നോട്ടം ശ്രദ്ധയില്‍പെടാതിരുന്ന റൊണാള്‍ഡോ നടന്നു നീങ്ങുകയും ചെയ്തു. എതിരാളികള്‍ക്ക് പോലും മെസി നല്‍കുന്ന ബഹുമാനത്തിന് തെളിവാണിതെന്ന് മെസി ആരാധകര്‍ പറയുന്നു.