ഇരട്ടഗോളോടെ അരങ്ങേറ്റം ഗംഭീരമാക്കി റൊണാള്‍ഡോ

0
48

റിയാദ്: കാത്തിരിപ്പുകള്‍ക്കൊടുവില്‍ സൗദിയിലെ ആദ്യ മത്സരത്തിനിറങ്ങിയപ്പോള്‍ ആരാധകരെ നിരാശരാക്കാതെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. പി എസ് ജിക്കെതിരായ സൗഹൃദ മത്സരത്തില്‍ അല്‍ നസ്ര്‍-അല്‍ ഹിലാല്‍ ക്ലബ്ബിലെ താരങ്ങള്‍ ഉള്‍പ്പെട്ട ഓള്‍ സ്റ്റാര്‍ ഇലവനില്‍ മത്സരിപ്പിച്ച റൊണാള്‍ഡോ ഇരട്ട ഗോളോടെ തിളങ്ങി. സമകാലീന ഫുട്ബോളിലെ പ്രതിഭാസങ്ങളായ ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും തമ്മിലുള്ള അവസാന പോരാട്ടമെന്ന നിലയില്‍ ശ്രദ്ധേയമായ മത്സരത്തില്‍ ആദ്യം ഗോളടിച്ചത് ലിയോണല്‍ മെസിയായിരുന്നു.

കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ മെസി സ്കോര്‍ ചെയ്തു. ഇതോടെ റൊണാള്‍ഡോയുടെ ഗോളിനായി ആരാധകരുടെ കാത്തിരിപ്പ്.

മത്സരത്തിന്‍റെ 32-ാം മിനിറ്റിലാണ് ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് റൊണാള്‍ഡോ സ്കോര്‍ ചെയ്തത്. ബോക്സിലേക്ക് ഉയര്‍ന്നുവന്ന ക്രോസില്‍ ഹെഡ് ചെയ്യാനായി ചാടിയ റൊണാള്‍ഡോയുടെ മുഖത്ത് ഗോള്‍കീപ്പര്‍ തട്ടിയതിന് സൗദി ഓള്‍ സ്റ്റാര്‍ ടീമിനായി പെനല്‍റ്റി അനുവദിച്ചു. കിക്കെടുത്തത് റൊണാള്‍ഡോ തന്നെ. സൗദിയിലെ തന്‍റെ ആദ്യ പെനല്‍റ്റി സമ്മര്‍ദ്ദമേതുമില്ലാതെ വലയിലാക്കി റൊണാള്‍ഡോയുടെ പ്രസിദ്ധമായ ഗോളാഘോഷം.

ഗ്യാലറികളില്‍ ആവേശം അണപൊട്ടി. ഓള്‍ സ്റ്റാറിന്‍റെ സമനില ഗോള്‍ കൂടിയായിരുന്നു ഇത്. പിന്നാലെ  ആദ്യ പകുതി തീരാന്‍ മിനിറ്റുകള്‍ ബാക്കിയിരിക്കെ മാര്‍ക്കീഞ്ഞീസിലൂടെ പി എസ് ജി ലീഡെടുത്തു. തൊട്ടുപിന്നാലെ ലഭിച്ച പെനല്‍റ്റി നെയ്മര്‍ പാഴാക്കിയത് ഓള്‍ സ്റ്റാറിന് ആശ്വാസമായി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ റൊണാള്‍ഡോ തന്‍റെ രണ്ടാം ഗോള്‍ നേടി. ബോക്സിലേക്ക് ഉയര്‍ന്നു വന്ന ക്രോസ് റൊണാള്‍ഡോ തലകൊണ്ട് തഴുകി വിട്ടെങ്കിലും പോസ്റ്റില്‍ തട്ടി മടങ്ങി.

പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ പി എസ് ജി താരത്തിന് പിഴച്ചപ്പോള്‍ അത് കിട്ടിയത് റൊണാള്‍ഡോയുടെ കാലില്‍. ഒരു സെക്കന്‍ഡ് പോലും പാഴാക്കാതെ റൊണാള്‍ഡോയുടെ ബുള്ളറ്റ് ഷോട്ട് പി എസ് ജി ഗോള്‍കീപ്പറെയും കഴടക്കി വലയില്‍ കയറി. രണ്ടാം പകുതിയില്‍ കളി 10 മിനിറ്റ് പിന്നിട്ടപ്പോള്‍ റൊണാള്‍ഡോയെ പിന്‍വലിച്ചു. ഇതോടെ പി എസ് ജിയും സൂപ്പര്‍  താരങ്ങളോ ഓരോരുത്തരെയായി പിന്‍വലിച്ചു. മത്സരത്തിന് മുന്നോടിയായി മെസിയും എംബാപ്പെയുമായും റൊണാള്‍ഡോ സൗഹൃദം പങ്കിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here