വിമാനയാത്ര മുടക്കി അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരമായി ഗള്‍ഫ് എയര്‍ നല്‍കണം

0
63

മലപ്പുറം: പ്രവാസിയുടെ വിമാനയാത്ര  യാത്രാരേഖയിലെ വ്യത്യാസം ചൂണ്ടിക്കാട്ടി  കൊണ്ട് മുടക്കിയതിന് ഗള്‍ഫ് എയര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു

തേഞ്ഞിപ്പലം സ്വദേശി തൊണ്ടിക്കാടന്‍ അബ്ദുസ്സലാം നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ വിധി. വിസയിലും പാസ്‌പോര്‍ട്ടിലും വിവരങ്ങള്‍ വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമാന കമ്പനി  അബ്ദുസ്സലാമിന്‍റെ യാത്ര നിഷേധിച്ചത്.

20 വര്‍ഷമായി വിദേശത്ത് ഡ്രൈവര്‍ ജോലി ചെയ്തുവരുന്നയാളാണ് പരാതിക്കാരനായ അബ്ദുസ്സലാം. ഇദ്ദേഹത്തിന്‍റെ പാസ്‌പോര്‍ട്ടിലെ ചില വിവരങ്ങളില്‍ പിഴവുണ്ടായിരുന്നു. ഇത് നിയമാനുസൃതം തിരുത്തിയശേഷം പുതിയ പാസ്‌പോര്‍ട്ടും പഴയ പാസ്‌പോര്‍ട്ടുമായാണ് യാത്രക്കായി വിമാനത്താവളത്തിലെത്തിയത്.

റദ്ദാക്കപ്പെട്ടത് പഴയ പാസ്‌പോര്‍ട്ട് മാത്രമാണെന്നും വിസ റദ്ദാക്കിയിട്ടില്ലെന്നും ഇത് പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബോധ്യപ്പെടുത്തിയെങ്കിലും അംഗീകരിക്കാന്‍ ഗള്‍ഫ് എയര്‍ കമ്പനി അധികൃതര്‍ തയ്യാറായില്ല.

സഊദി അറേബ്യയിലെ ബന്ധപ്പെട്ടവരെ അറിയിച്ചുവെന്നും അവരും യാത്രാരേഖകള്‍ ശരിയല്ലെങ്കില്‍ അനുമതി നല്‍കരുതെന്നാണ് അറിയിച്ചതെന്നുമാണ് ഗള്‍ഫ് എയര്‍ ഉപഭോക്തൃ കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചത്. നഷ്ടപരിഹാരത്തുക കൂടാതെ വിമാന ടിക്കറ്റിന്റെ തുകയായ 24,000 രൂപയും കോടതി ചെലവായി 20,000 രൂപയും വിമാന കമ്പനി നല്‍കണം.

 

 

LEAVE A REPLY

Please enter your comment!
Please enter your name here